അടൂർ : ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ കൊവിഡ് വ്യാപന ഭീതിയില്ലാതെ ജനം നിരത്തുകളിൽ നിറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവരെ നിരീക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നുണ്ടെങ്കിലും കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിൽ സാധാരണ ജനത്തിന് ആശങ്കതെല്ലുമില്ല. നിരത്തുകളിൽ വാഹനങ്ങളുടെ തിരക്കേറെയാണ്. റോഡ് കൈയടക്കിയുള്ള പാർക്കിംഗും കൂടിയതോടെ ഗതാഗത തടസവും രൂക്ഷമായി. സ്വകാര്യ വാഹനങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും കറങ്ങുന്നവരാണ് ഏറെയും. ബൈക്ക് യാത്രികരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ലോക്ക് ഡൗൺ പിൻവലിച്ച മട്ടിലാണ് പലരുടെയും ഇടപെടൽ.

കെ.എസ്.ആർ.ടി.സി നാമമാത്രമായ സർവീസുകൾ ആരംഭിച്ചെങ്കിലും കാര്യമായ യാത്രക്കാർ ഇല്ല. അടൂർ ഡിപ്പോയിൽ 14 സർവീസുകളാണ് ബുധനാഴ്ച അയച്ചത്. ഇതിൽ നിന്ന് ലഭിച്ചതാകട്ടെ 27,681 രൂപമാത്രം. മുൻ കാലങ്ങളിൽ രണ്ട് ഒാർഡിനറി സർവീസുകളിൽ നിന്നു ലഭിക്കുന്ന വരുമാനം പോലും ഇത്രയും ബസുകളിൽ നിന്ന് ലഭിച്ചില്ല എന്നത് യാത്രക്കാരുടെ എണ്ണത്തിലെ കുറവ് വ്യക്തമാക്കുന്നു. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും നേരിയ വർദ്ധനവ് പ്രകടമായി. ആട്ടോറിക്ഷയുൾപ്പെടെയുള്ള വാഹനസൗകര്യം ലഭ്യമായതും നഗരത്തിൽ തിരക്കിന് കാരണമായി.

മാസ്ക്ക് വയ്ക്കില്ല, തൂവാല മാത്രം

പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ പ്രവർത്തകർ ഏറെ പാടുപെടുമ്പോൾ മാസ്ക്ക് വയ്ക്കാതെ ചിലർ പൊതുജന മദ്ധ്യത്തിൽ ഇറങ്ങുന്നുണ്ട്. തുവാല കൊണ്ട് മുഖം മറച്ചിരിക്കുന്ന ഇൗക്കൂട്ടർ രോഗ വ്യാപനത്തിന് വഴിയൊരുക്കാം. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസിലും തൂവലയുമായി മുഖംപൊത്തി യാത്രക്കാർ ഉണ്ടായിരുന്നു.

ജനം അനാവശ്യമായി നിരത്തിലിറങ്ങുന്ന പ്രവണത നന്നല്ല. പ്രത്യേകിച്ചും രോഗവ്യാപനത്തിന് ഏറെ സാദ്ധ്യതയുള്ള ഇൗ സമയത്ത്. അതിനാൽ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണെന്ന കാര്യം ആരും മറക്കരുത്.

ഡോ. പ്രശാന്ത്
സൂപ്രണ്ട് ഇൻ ചാർജ്ജ്, അടൂർ ജനറൽ ആശുപത്രി.