പന്തളം: പന്തളം തെക്കേക്കര പഞ്ചായത്തിലെ പെരുമ്പുളിക്കൽ മേഖലയിൽ കാട്ടുപന്നികൾ പെറ്റുപെരുകുന്നു. കർഷകർ നടത്തിയ തെരച്ചിലിൽ നാല് പന്നിക്കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
പന്നികളുടെ താവളമാണ് ഇൗ പ്രദേശം. ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് നശിപ്പിക്കുന്നത് . പഞ്ചായത്തിലെ ഇടമാലി, കീ രുകുഴി പാറക്കര,മങ്കുഴി,പൊങ്ങലടി,പെരുമ്പുളിക്കൽ പറന്തൽഭാഗങ്ങളിലാണ് പന്നിശല്യം കൂടുതൽ. മരച്ചീനി,ചേന,കാച്ചിൽ, ചേമ്പ്, വാഴ,ഇഞ്ചി തുടങ്ങിയ വിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്.
കുരമ്പാല പ്രദേശങ്ങളിലും പന്നിയുടെ ശല്യമുണ്ട്. കല്ലൂഴംഭാഗത്ത് കഴിഞ്ഞയാഴ്ച എത്തിയ പന്നികൾ പല കർഷകരുടെയും കൃഷികൾ നശിപ്പിച്ചു.
വനം വകുപ്പിനും പഞ്ചായത്തധികൃതർക്കും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയില്ല. ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കലിന്റെ നേതൃത്വത്തിൽ പരിശോധനക്കിറങ്ങിയത്. പെരുമ്പുളിക്കൽ വരിക്കോലിൽ കുടുംബ സ്ഥലത്താണ് പന്നിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.ഇവയെ കോന്നിയിൽ നിന്നെത്തിയ വനംവകുപ്പ് അധികൃതർക്ക് കൈമാറി. വ്യാപക പരിശോധന നടത്താൻ വനം വകുപ്പ് തയ്യാറായാൽ കൂടുതൽ പന്നിക്കുഞ്ഞുങ്ങളെ ലഭിക്കുമെന്നും കർഷകർ പറഞ്ഞു.
നേരത്തെ രാത്രിയിൽ മാത്രമുണ്ടായിരുന്ന പന്നികളുടെ ആക്രമണം ഇപ്പോൾ പകലും ആരംഭിച്ചതായി നാട്ടുകാർ പറയുന്നു. ആളുകളെ ആക്രമിക്കാറുമുണ്ട്. പന്നി ആക്രമണത്തിൽ പരിക്കേറ്റ നിരവധി പേർ കോട്ടയം,തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ചികിത്സയിലായിരുന്നു. ബാങ്ക് വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ വിളകൾ നശിച്ചതോടെ ബുദ്ധിമുട്ടുകയാണ്.
------------
പൊറുതിമുട്ടി ജനം
മുമ്പ് മലയോര മേഖലയിൽ മാത്രം കണ്ടിരുന്ന കാട്ടുപന്നികൾ ഇപ്പോൾ മറ്റ് സ്ഥലങ്ങളിലും സ്ഥിരം കാഴ്ചയാണ്. പാട്ടകൊട്ടി ഭയപ്പെടുത്തിയാൽ ഇവ കടന്നുകളഞ്ഞിരുന്ന കാലം കഴിഞ്ഞു. കാർഷിക വിളകൾ സംരക്ഷിക്കാൻ തുണിയും പ്ളാസ്റ്റിക്കും വലിച്ചുകെട്ടി രാത്രിയിൽ ഭയപ്പെടുത്തുന്ന പഴയ മാർഗവും ഇപ്പോൾ വിലപ്പോകില്ല. ടിൻഷീറ്റുകൊണ്ട് മറയൊരുക്കുക മാത്രാണ് മാർഗം. ഇതിന് പണച്ചിലവേറും.
--------------------
കേസ് കർഷകർക്കെതിരെ
വന്യജീവി സംരക്ഷണ പ്രകാരം കാട്ടുപന്നിയെ മനുഷ്യർ ഉപദ്രവിച്ചാൽ വനംവകുപ്പ് കേസെടുക്കും. ജനജീവിതത്തിന് ഭീഷണിയായ പന്നികളെ കല്ലെറിഞ്ഞോടിക്കാൻ പോലും ഭയപ്പെടേണ്ട സ്ഥിതിയാണ്.