അടൂർ:ലോക് ഡൗൺ മൂലം ജനങ്ങൾക്കുണ്ടായ സാമ്പത്തികപ്രയാസങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷാ പദ്ധതി അടൂർ നഗരസഭയിൽ അട്ടിമറിക്കാൻ യു.ഡി.എഫ് കൗൺസിലർമാർ ശ്രമിക്കുന്നതായി ചിറ്റയം ഗോപകുമാർ എം. എൽ. എ ആരോപിച്ചു. ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്തവരായി മാറിയിരിക്കുകയാണ് അവർ. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലുള്ള അസൂയയും യു.ഡി.എഫിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നുള്ള കുറ്റബോധവുമാണ് അവർക്ക്. കഴിഞ്ഞ ദിവസം ബി. ആർ. സി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചാണ് യു. ഡി. എഫ് കൗൺസിലർമാർ ഇറങ്ങിപ്പോയത്. എല്ലാ പാർട്ടി നേതാക്കൻമാരുടേയും യോഗം പദ്ധതി നടത്തിപ്പിനായി വിളിച്ചു ചേർത്തപ്പോൾ കോൺഗ്രസിനെ പ്രതിനിധീകരിച്ചെത്തിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എല്ലാ പിന്തുണയും നൽകിയിരുന്നു.