പമ്പ: പമ്പാനദിയിൽ നിന്ന് എടുക്കുന്ന മണൽ നിലയ്ക്കലിലേക്കു മാറ്റിയിടും. വരും ദിവസങ്ങളിൽ 150 ഓളം ട്രക്കുകൾ 24 മണിക്കൂറും ഇതിനായി പ്രവർത്തിക്കും. വലിയ മഴയ്ക്ക് മുമ്പേ മണലുകൾ മാറ്റാനാണു ശ്രമിക്കുന്നത്. നിലവിൽ പമ്പയിൽ പ്രളയ സാഹചര്യമില്ലാത്ത സ്ഥലത്താണു മണൽ മാറ്റിയിടുന്നത്.
പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിനാണു മണൽ മാറ്റുവാനുള്ള ചുമതല. ഫീൽഡ് വെരിഫിക്കേഷന് റാന്നി തഹസിൽദാരെ നിയോഗിച്ചിട്ടുണ്ട്.
പ്രളയ സാഹചര്യം ഉണ്ടാകാതിരിക്കുവാൻ നീക്കംചെയ്യേണ്ട അധിക അളവ് മണൽ പരിശോധിക്കുന്നതിനായി സബ് കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ ടീമിനെ നിയോഗിച്ചിരുന്നു. 75,000 മീറ്റർ ക്യൂബ് മണൽ നീക്കംചെയ്യണമെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത മഴയിൽ വന്നിട്ടുള്ള മാറ്റങ്ങൾ കണക്കിലെടുത്ത് നിലവിൽ എത്ര മീറ്റർ ക്യൂബ് മണൽ നീക്കം ചെയ്യണമെന്ന പുതിയ എസ്റ്റിമേറ്റ് രണ്ടു ദിവസത്തിനുള്ളിൽ സമർപ്പിക്കും.
ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിന് ദേവസ്വം സെക്രട്ടറി നൽകിയ അനുവാദത്തിന്റെ അടിസ്ഥാനത്തിലാണു നദിയിൽ നിന്നുള്ള മണൽ നീക്കം ആരംഭിച്ചത്. നദിയിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ മാറ്റുന്നതിന് ഫോറസ്റ്റിന്റെ ക്ലിയറൻസ് ആവശ്യമാണ്.