അടൂർ : കൊവിഡ് ഭീഷണിയുടെ പേരിൽ കെ. എ. പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാർക്ക് പത്രവും പാലും നിഷേധിച്ച് അധികൃതർ. പത്രവിതരണക്കാർ ക്യാമ്പിനുള്ളിൽ പ്രവേശിക്കരുതെന്നാണ് നിർദ്ദേശം. പത്രം ഗേറ്റിലിട്ട് മടങ്ങണം. ഇത് അടുത്ത ദിവസമേ വായനയ്ക്ക് നൽകു. ഫാമിലി ക്വാർട്ടേഴ്സുകളിൽ കഴിയുന്നവരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. ക്യാമ്പിലെ ലൈബ്രറിയിലും പത്രം അതാത് ദിവസം എത്തിക്കുന്നില്ല. പാൽ വിതരണത്തിനും നിയന്ത്രണമുണ്ട്. അതേസമയം സെൻട്രൽ പൊലീസ് കാന്റീനിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലോഡുമായി വരുന്ന വാഹനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ല. ക്വാർട്ടേഴ്സുകളിൽ കുടുംബമായി താമസിക്കുന്നവർ രണ്ട് മാസത്തിലേറെയായി ലോക്ഡൗണിൽപ്പെട്ടു കഴിയുകയാണ്. ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നവർ സ്വന്തം പണം നൽകിയാണ് പത്രം വരുത്തുന്നത്. പൊലീസ് ഒാഫീസർമാർ, സിവിൽ പൊലീസ് ഒാഫീസർമാർ, ക്യാമ്പ് ഫോളോവേഴ്സ് തുടങ്ങി മുന്നൂറ്റ അൻപതിൽപ്പരം പൊലീസുകാരുണ്ട് ക്യാമ്പിൽ.