പത്തനംതിട്ട : ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിയ കെ.എസ്.ആർ.ടി.സി സർവീസ് ജില്ലയിലെ പ്രധാന ഡിപ്പോകളിൽ നിന്ന് പുനരാരംഭിച്ചു. പത്തനംതിട്ട ഡിപ്പോയിൽ 15 ബസുകളാണ് ആദ്യ ദിവസം സർവീസ് നടത്തിയത്. യാത്രക്കാർ വളരെ കുറവായതിനാൽ എല്ലാ ഡിപ്പോകളിലും സർവീസുകൾ കുറയ്ക്കുന്നുണ്ട്. ഒരു ബസിൽ 25 പേർക്ക് മാത്രമേ യാത്ര അനുവദിക്കൂ. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം യാത്ര. പ്രധാത പാതകളിൽ മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. തിരുവല്ല റൂട്ടിലാണ് യാത്രക്കാർ കൂടുതൽ. തിരുവല്ലയിൽ നിന്ന് 19 സർവീസുകൾ നടത്തുന്നുണ്ട്.
വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ
ആദ്യ ദിവസത്തെ വരുമാനം
(സർവീസുകളുടെ എണ്ണം)
പത്തനംതിട്ട : 33,316 (15)
അടൂർ : 27,681 (14)
തിരുവല്ല : 23,004 (19)
മല്ലപ്പള്ളി : 14,500 (14)
പന്തളം : 9,617 (5)
കോന്നി : 14,000 (8)
പൂപ്പലും തുരുമ്പും
കെ.എസ്.ആർ.ടി.സി ബസുകൾ അണുനശീകരണം നടത്തിയാണ് സർവീസ് നടത്തുന്നതെന്ന് അവകാശപ്പെടുമ്പോഴും പല ബസുകളും വൃത്തിഹീനമാണ്. സീറ്റുകളിൽ പൂപ്പലും കമ്പികളിൽ തുരുമ്പും നിറഞ്ഞിരിക്കുന്നു. യാത്രക്കാരുടെ വസ്ത്രങ്ങൾ ചീത്തയാകുന്നതും പരാതിക്ക് ഇടയാക്കുന്നു. ഒാർഡിനറി ബസുകളാണ് സർവീസ് നടത്തുന്നത്.