പത്തനംതിട്ട: തുടർച്ചയായ മൂന്നുദിവസങ്ങളിൽ കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്ത പത്തനംതിട്ടയ്ക്ക് ഇന്നലെ ആശ്വാസദിനം. പുതിയ കേസുകളില്ല. കഴിഞ്ഞ രണ്ടുദിവസവും കൊവിഡ് സ്ഥിരീകരിച്ച പട്ടികയിലുണ്ടായിരുന്ന മുംബൈ സംഘത്തിലെ മൂന്നാമന്റെ ഫലം നെഗറ്റീവായി ലഭിച്ചു. മുംബൈ കൊളാബയിൽ നിന്നു കോഴിക്കോട് വഴി പത്തനംതിട്ടയിലെത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നിലവിൽ ജില്ലയിൽ ഏഴു പേർ രോഗികളായിട്ടുണ്ട്. ഇവരുൾപ്പെടെ ആശുപത്രി ഐസൊലേഷനിൽ 32 പേരാണ്. ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 13 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ നാലു പേരും ജനറൽ ആശുപത്രി അടൂരിൽ മൂന്നു പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ 12 പേരാണ് ഐസൊലേഷനിലുള്ളത്. ഇതിൽ മൂന്നുപേരെ ഇന്നലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതാണ്.