ചെങ്ങന്നൂർ: നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞ പാണ്ടനാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാണ്ടനാട് സ്വദേശിയും ചെന്നയിൽ പാരാമെഡിക്കൽ വിദ്യാർത്ഥിയുമായ 22 കാരനാണ് രോഗം. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ 13 ന് ചെന്നൈയിൽ നിന്ന് സ്വകാര്യ ബസിലാണ് നാട്ടിലെത്തിയത്.ബസിൽ 22 യാത്രക്കാരുണ്ടായിരുന്നു.20ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയുടെ ഫലം ലഭിച്ചതോടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.സ്രവ പരിശോധനയ്ക്കായി 19 ന് ബൈക്കിൽ ജില്ലാ ആശുപത്രിയിൽ എത്തി മടങ്ങുമ്പോൾ ഉച്ചയ്ക്ക് 12 ഓടെ ആശുപത്രി ജംഗ്ഷനിലെ ഡിലൈറ്റ് മെഡിക്കൽ സ്റ്റോറിലും വെള്ളാവൂർ ജംഗ്ഷനിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പിലും കയറിയിരുന്നു. 20 ന് മടങ്ങുന്ന വഴി കല്ലിശേരിയിലെ സാംസൺ ബേക്കറിയിൽ കയറി സാധനങ്ങൾ വാങ്ങി.ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുംപൊലീസും എത്തി കടകൾ അടപ്പിച്ചു. ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട് . മെഡിക്കൽ സ്റ്റോർ,ബേക്കറി, പെട്രോൾ പമ്പ് എന്നിവ അഗ്നിശമനസേന അണുവിമുക്തമാക്കി.