പത്തനംതിട്ട : കേരളത്തിന് കൊവിഡ് സഹായം നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനിച്ച തെറ്റായ സമീപനത്തിനെതിരെ സി.പി.ഐ നേതൃത്വത്തിൽ 19ന് പത്തനംതിട്ടയിൽ നടന്ന സമരത്തിൽ സി.പി.ഐ പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയ പത്തനംതിട്ട എസ്.ഐയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ എൽ.ഡി.എഫ് യോഗം ആവശ്യപ്പെട്ടു.കൊവിഡ് നിയമങ്ങൾ പാലിച്ച് നടത്തിയ സമരത്തിൽ അകാരണമായി അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നും യോഗം ആരോപിച്ചു.സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ആർ. ഉണ്ണികൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു,സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല,എൻ.സി.പി സംസ്ഥാന സെക്രട്ടറി മാത്യൂസ് ജോർജ്, കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ബി.ഷാഹുൽ ഹമീദ്,എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് ജോ എണ്ണയ്ക്കാട്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം,കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് സജു അലക്‌സാണ്ടർ,കേരള കോൺഗ്രസ് സ്‌കറിയ തോമസ്, സംസ്ഥാന കമ്മിറ്റിയംഗം ബിജി ജോസഫ് എന്നിവർ പങ്കെടുത്തു.