തിരുവല്ല: താലൂക്കിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘം ഇന്ന് നാട്ടിലേക്ക് പുറപ്പെടും. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടിനാണ് ട്രെയിൻ. കെ.എസ്.ആർ.ടി.സി ബസിൽ ഇവരെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിക്കും. ഉത്തർപ്രദേശിലേക്കുള്ള ട്രെയിനിൽ 25 പേരുടെ സംഘമാണ് ആദ്യം പുറപ്പെടുക. ഇവരുടെ സ്‌ക്രീനിംഗ് പൂർത്തിയായതായി റവന്യൂ അധികൃതർ അറിയിച്ചു. കുറ്റൂർ, ഇരവിപേരൂർ, തിരുവല്ല, കവിയൂർ, പെരിങ്ങര, കോയിപ്രം, കുറ്റപ്പുഴ വില്ലേജുകളിലെ താമസക്കാരാണിവർ. ഇവരോടൊപ്പം ജില്ലയിലെ മറ്റ് താലൂക്കുകളിൽ നിന്നുള്ളവരും സംഘത്തിലുണ്ടാകും. സ്വന്തം നാടുകളിലേക്ക് പോകാനായി ആകെ 2238 പേരാണ് സജ്ജരായിട്ടുള്ളത്. ആകെ രജിസ്റ്റർ ചെയ്ത 3367 പേരിൽ നിന്നാണ് 2238 പേരുടെ ലിസ്റ്റ് തയ്യാറാക്കിയത്. പശ്ചിമ ബംഗാളിൽ നിന്നെത്തിയവരാണ് കൂടുതൽ. 1635 പേർ. തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ആദ്യ സംഘം അടുത്താഴ്ച പുറപ്പെടും. ഈ ട്രെയിന്റെ തീയതി അറിയിച്ചിട്ടില്ല. ഇവിടെ നിന്നുള്ളവരെ ബംഗാളിലെ മാൾഡ സ്‌റ്റേഷനിലേക്കാണ് എത്തിക്കുക. തിരക്ക് ഒഴിവാക്കാനായി യാത്ര പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പ് മാത്രമായിരിക്കും ഇവരെ വിവരം അറിയിക്കുക. മുൻഗണനാക്രമം പോലും അറിഞ്ഞാൽ സ്‌റ്റേഷനിൽ ഏറെ തിരക്കും അതിക്രമങ്ങൾക്കും അത് കാരണമാകും. മറ്റ് താലൂക്കുകളിലും ഇതുപോലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. അവരെയും മുൻഗണനാക്രമമനുസരിച്ച് സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചയ്ക്കും.
നാട്ടിലേക്ക് പോകുന്ന തൊഴിലാളികൾ
(റവന്യൂ അധികൃതർക്ക് പേര് നൽകിയവരുടെ എണ്ണം)
പശ്ചിമ ബംഗാൾ - 1635 , ബീഹാർ - 382, ആസാം - 70, ഝാർഖണ്ഡ് - 28, മധ്യപ്രദേശ് -10, ഒഡീഷ - 41, രാജസ്ഥാൻ -15, തമിഴ്‌നാട് -27, ഉത്തർപ്രദേശ് -18, മഹാരാഷ്ട്ര - 2, നാഗാലാൻഡ് - 5, നേപ്പാൾ - 2, ഉത്തരാഖണ്ഡ് - 2, ആന്ധ്ര - 1.