തിരുവല്ല: നഗരത്തിനു തണലേകാൻ ഔഷധ വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന സി.പി.ഐയുടെ ഹരിത നഗരം 2020 പദ്ധതിക്ക് തുടക്കമായി.നിർമ്മാണം അവസാനഘട്ടത്തിലായ തിരുവല്ല ബൈപ്പാസ് റോഡിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി വേപ്പ്,നെല്ലി,ലക്ഷ്മിതരു,കണിക്കൊന്ന,പനനീർ ചാമ്പ എന്നിവയുടെ അഞ്ഞൂറോളം തൈകളാണ് നട്ടുവളർത്തുന്നത്.ഇരുമ്പ് വേലി സ്ഥാപിച്ചു ഇവയെല്ലാം പരിപാലിക്കും. ബൈപ്പാസ് റോഡിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് പദ്ധതിയുടെ ഉദ്ഘാടനം വനംമന്ത്രി കെ. രാജു നിർവഹിച്ചു.പുതിയ വൈറസുകൾ വ്യാപിക്കുന്ന കാലത്ത് ഔഷധ സസ്യങ്ങൾ നട്ടുവളർത്താനും കൃഷിയിലും ക്ഷീരമേഖലയിലും സ്വയംപര്യാപ്തത കൈവരിക്കാനും എല്ലാവരുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. മാത്യു ടി. തോമസ് എം.എൽ.എ, ഓർത്തഡോക്‌സ് സഭ നിരണം ഭദ്രാസിപൻ യൂഹന്നോൻ മാർ ക്രിസോസ്റ്റമോസ്,സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ,പുഷ്പഗിരി മെഡിക്കൽ കോളേജ് സി.ഇ.ഒ ഫാ.ജോസ് പല്ലിശ്ശേരി, സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.ജി.രതീഷ് കുമാർ,ജോയി ആലുക്കാസ് തിരുവല്ല മാൾ മാനേജർ ഷെൽട്ട ൺ വി.റാഫേൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി പ്രേംജിത്ത് പരുമല,വിജയമ്മ ഭാസകരൻ, കെ.കെ.ഗോപി,രാജു കോടിയാട്ട്, സി.ടി. തോമസ്,പി.ശശികുമാർ എന്നിവർ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു ഹരിതനഗരം പദ്ധതിയിൽ പങ്കാളികളായി.