തിരുവല്ല: മാലിന്യങ്ങൾ ജനവാസ കേന്ദ്രത്തിന് മദ്ധ്യത്തിലെ പുരയിടത്തിൽ തള്ളാനുള്ള നീക്കം പരിസരവാസികൾ ചേർന്ന് തടഞ്ഞു.മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാർ പിടികൂടി നഗരസഭാ അധികൃതർക്ക് കൈമാറി.എം.സി റോഡിൽ തിരുമൂലപുരം ആസാദ് നഗറിൽ കാനറാ ബാങ്ക് എ.ടി.എം കൗണ്ടറിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ പിക്കപ്പിൽ എത്തിച്ച മാലിന്യം തള്ളാനുള്ള നീക്കമാണ് നാട്ടുകാർ ചേർന്ന് തടഞ്ഞത്.ഇന്നലെ രാവിലെ 9.15നാണ് സംഭവം. ആദ്യ ലോഡ് മാലിന്യം തള്ളിയശേഷം രണ്ടാം ലോഡുമായി വരവെയാണ് സംഭവം പരിസര വാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് സമീപവാസികൾ ചേർന്ന് മാലിന്യനുമായി എത്തിയ വാഹനം തടഞ്ഞുവെച്ച് നഗരസഭ ചെയർമാൻ ആർ.ജയകുമാറിനെ വിവരമറിയിച്ചു. പിടികൂടിയ ലോറി പിന്നാലെ എത്തിയ നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറുകയായിരുന്നു.മാലിന്യം തള്ളിയ കേസിൽ പിഴ ചുമത്തിയതായി നഗരസഭ ചെയർമാൻ പറഞ്ഞു.