പത്തനംതിട്ട : കൊവിഡ് ബാധക്കിടയിൽ സർക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി വിവിധ തസ്തികകളിലേക്കുള്ള നിയമനം വൈകുന്നതിനെതിരെ റാങ്ക് ഹോൾഡേഴ്‌സ് ഓൺലൈൻ സമരവുമായി രംഗത്തെത്തി. ഏകദേശം ഒരു ലക്ഷത്തോളം വരുന്ന റാങ്ക് ഹോൾഡേഴ്‌സ് ഫേസ് ബുക്ക്,വാട്ട്‌സ് ആപ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നീ നവമാദ്ധ്യമങ്ങളിലൂടെ പ്രതിഷേധിച്ചു.
നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒന്നര വർഷമെങ്കിലും ദീർഘിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികൾ ഒഴികെ ലോക്ക് ഡൗൺ കാലത്ത് മറ്റൊരു തസ്തികയിലേക്കും പി.എസ്.സി നിയമനം നടന്നിട്ടില്ല. രണ്ട് വർഷം മുമ്പ് നിലവിൽ വന്ന പല റാങ്ക് ലിസ്റ്റിലും 10 ശതമാനത്തിൽ താഴെ നിയമനം മാത്രമാണ് നടന്നിട്ടുള്ളത്.
ലോക്ക് ഡൗൺ മൂലം പി.എസ്.സി, വിവിധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തപാൽ വകുപ്പ് തുടങ്ങിയവയുടെ പ്രവർത്തനം അവതാളത്തിലായതുകാരണം റിട്ടയർമെന്റ്മൂലവും വകുപ്പ് തല പരീക്ഷകളിലൂടെ സ്ഥാന കയറ്റം മൂലവും ഉണ്ടാകുന്ന ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനായിട്ടില്ല.
സപ്ലൈകോ, സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ കഴിഞ്ഞ 4 മാസമായി നിയമനം നടന്നില്ല.
എൽ.ഡി ക്ലർക്ക്
റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 2018 ഏപ്രിൽ 2 നാണ്. 2021 ഏപ്രിലിൽ കാലാവധി അവസാനിക്കുന്നതും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയതുമായ ഈ റാങ്ക് ലിസ്റ്റിൽ നിന്ന് മുൻവർഷങ്ങളിൽ പതിനായിരത്തോളം പേരെ നിയമിച്ചിരുന്നു. ഇത്തവണ നിയമനം നടത്തിയത് 5000 ൽ താഴെ മാത്രമാണ്.
ലാസ്റ്റ് ഗ്രേഡ്
റാങ്ക് ലിസ്റ്റ് 2018 ജൂൺ 30നു നിലവിൽ വന്നു. രണ്ടു വർഷം കൊണ്ട് 10 ശതമാനത്തിൽ താഴെ മാത്രമാണ് നിയമനങ്ങൾ നടന്നത്. സെക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ ഈ ലിസ്റ്റിൽ നിന്ന് നടക്കാത്തതും യൂണിവേഴ്‌സിറ്റി ഒഴിവുകൾ റാങ്ക് ലിസ്റ്റ് വഴി നികത്താത്തതും നിയമനങ്ങൾ കുറയാൻ കാരണമായി.
ലോക്ക് ഡൗൺ കാരണം സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഒാൺലൈൻ സമരം സംഘടിപ്പിച്ചത്. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ നടത്തും.
വിനിൽ, സംസ്ഥാന സെക്രട്ടറി
ഫെഡറേഷൻ ഒഫ് വേരിയസ് പി.എസ്.സി
റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ