ചെങ്ങന്നൂർ: മഴക്കാലം എത്തിയതോടെ ചെങ്ങന്നൂർ നിവാസികൾക്ക് റെയിൽവേ സ്റ്റേഷനുസമീപം മേൽപ്പാലത്തിന് അടിയിലൂടെയുള്ള യാത്ര ദുരിതമാകുന്നു.ചെങ്ങന്നൂരിൽ നിന്നും പേരിശേരിയിലേക്ക് പോകുന്ന റെയിൽവേ സ്റ്റേഷൻ റോഡിന്റെ മേൽപ്പാലത്തിന് അടിയിലൂടെയുള്ള യാത്രാദുരിതത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മഴപെയ്ത് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് മലിനജലത്തിൽ കൂടി വേണം നടന്നു പോകാൻ.വാഹനങ്ങൾ പോകുമ്പോൾ വെള്ളം തറിച്ച് ദേഹമാസകലം വീഴുന്നത് പതിവാണ്.പാതയിരട്ടിപ്പിക്കൽ വന്നതോടെ കൂടുതൽ ദൂരം ഇതിനടിയിൽ കൂടി നടക്കേണ്ടി വരുന്നുണ്ട്. സർക്കാരിനും റെയിൽവേ അധികാരികൾക്കും നിരവധി പരാതികളും നിവേദനങ്ങളും നൽകിയിട്ടുണ്ടെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.