പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രി മുഖേന കാൻസർ രോഗികൾക്കും ഡയാലിസിസ് രോഗികൾക്കും സൗജന്യമായി ജീവൻ രക്ഷാ മരുന്നുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 15 ലക്ഷം രൂപയുടെ മരുന്നുകൾ വാങ്ങിനൽകും. മരുന്നുകൾ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭയ്ക്ക് കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. റജി തോമസ്, കെ.ജി. അനിത, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി സാം മാത്യു, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ആർ.എം.ഒ ഡോ. ജീവൻ, എച്ച്.എം.സി അംഗങ്ങളായ ബിജിലി പി ഈശോ, വത്സമ്മ മാത്യു, എം.എ. ജോസഫ് എന്നിവർ പങ്കെടുത്തു.