ചെങ്ങന്നൂർ: നിരീക്ഷണത്തിൽ കഴിയവേ സ്രവ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തി മടങ്ങുമ്പോൾ പൊതുയിടങ്ങളിൽ ബന്ധപ്പെട്ട യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയായി. പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ താമസിക്കുന്ന 22 കാരനായ പാരാമെഡിക്കൽ വിദ്യാർത്ഥിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കഴിഞ്ഞ 13ന് ചെന്നൈയിൽ നിന്ന് തിരുവൻവണ്ടൂരിലുള്ള സ്വകാര്യ ബസിലാണ് യുവാവ് നാട്ടിലെത്തിയത്. ബസിൽ 22 യാത്രക്കാരുണ്ടായിരുന്നു. 20ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയുടെ ഫലം ലഭിച്ചതോടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്രവ പരിശോധനയ്ക്കായി 20ന് ജില്ലാ ആശുപത്രി അധികൃതർ 9 പേരെ വിളിപ്പിച്ചിരുന്നു.
ബൈക്കിൽ ജില്ലാ ആശുപത്രിയിൽ എത്തിയ യുവാവ് മടങ്ങുന്ന വഴി ഉച്ചയ്ക്ക് ഒരു മണിക്കും 1.30 നും ഇടയ്ക്ക് ആശുപത്രി ജംഗ്ഷനിലെ ഡിലൈറ്റ് മെഡിക്കൽ സ്റ്റോറിലും വെള്ളാവൂർ ജംഗ്ഷനിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പിലും കല്ലിശ്ശേരിയിലെ സാംസൺ ബേക്കറിയിലും എത്തിയതാണ് ആശങ്കയ്ക്ക് വഴിയൊരുക്കുന്നത്.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും എത്തി മെഡിക്കൽ സ്റ്റോറും ബേക്കറിയും അടപ്പിച്ചു. ജീവനക്കാർ നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അഗ്‌നിശമന സേന എത്തി മെഡിക്കൽസ്റ്റോർ, ബേക്കറി, പെട്രോൾ പമ്പ് എന്നിവ അണുവിമുക്തമാക്കി. ഹോട്ട് സ്‌പോട്ടിൽ നിന്ന് എത്തിയ യുവാവ് ആരോഗ്യ വകുപ്പ് അധികൃതർ അറിയാതെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിയത് ക്വാറന്റൈൻ വ്യവസ്ഥയുടെ ലംഘനമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
യുവാവ് 19 നും ജില്ലാ ആശുപത്രിയിൽ ചെന്നതായി ലാബിലെ ജിവനക്കാരി പറഞ്ഞു. അന്നേ ദിവസം ഒരുമണിക്ക് ലാബിൽ എത്തി സ്രവം പരിശോധിക്കുമോ എന്ന് തിരക്കിയ ശേഷം മടങ്ങുകയായിരുന്നു. ചെന്നൈയിൽ നിന്ന് എത്തിയ ബസിന്റെ ഡ്രൈവറെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം, ജില്ലാ ആശുപത്രിയിൽ ഒരു കൊറോണ ആംബുലൻസ് മാത്രമാണുള്ളതെന്നും കാലതാമസം ഒഴിവാക്കാനായി സ്വന്തം വാഹനം ഉള്ളവർ അതിലെത്താനും വാഹനം അണുവിമുക്തമാക്കനും നിർദ്ദേശം നൽകിയിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. 20ന് പരിശോധനയ്ക്ക് വന്നപ്പോഴാണ് തലേദിവസം എത്തിയ യുവാവിനെ ലാബിലെ നഴ്സ് തിരിച്ചറിയുന്നത്.
ആശ പ്രവർത്തകരടക്കം 15 പേർ നിരീക്ഷണത്തിൽ
ചെങ്ങന്നൂർ: പാണ്ടനാട് സ്വദേശിയായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് നാല് ആശ പ്രവർത്തകരടക്കം 15 പേരെ നിരീക്ഷണത്തിലാക്കി. യുവാവ് ജില്ലാ ആശുപത്രിയിൽ സ്രവ പരിശോധനയ്ക്ക് എത്തിയപ്പോൾ അവിടെ ചുമതലയിൽ ഉണ്ടായിരുന്നവരാണ് ആശാ പ്രവർത്തകർ. ഇവിടുത്തെ ഒരു സെക്യൂരിറ്റി ജീവനക്കാരനെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
യുവാവ് എത്തിയ പെടോൾ പമ്പിലെ രണ്ട് ജീവനക്കാർ, മെഡിക്കൽ സ്റ്റോറിലെ 3 ജീവനക്കാർ, കല്ലിശ്ശേരി സാംസൺ ബേക്കറിയിലെ 5 ജീവനക്കാർ എന്നിവരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.