​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​പ​ത്ത​നം​തിട്ട : രാജ്യത്തെ കർഷകരിൽ നിന്നും വാങ്ങിയ റബർ വിൽക്കാനാവാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ കാലയളവായ മാർച്ച്​ 1മുതൽ മേയ്​ 31വരെ മൂന്നു മാസത്തെ വ്യാപാരികളുടെ ബാങ്ക് പലിശ ഒഴിവാക്കുകയും മൊറട്ടോറിയം ജൂൺ 1 മുതൽ 6മാസത്തേക്ക് കുടി നീട്ടി അനുവദിക്കുകയും വേണമെന്ന് ഇന്ത്യൻ റബർ ഡീലേഴ്‌​സ് ഫെഡറേഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ കാരണം 9000ത്തോളം വരുന്ന വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്.11ലക്ഷത്തോളം വരുന്ന കർഷകരിൽ നിന്നും വാങ്ങിയ റബർ വ്യാപാരികളുടെ പക്കൽ കെട്ടിക്കിടക്കുകയാണ്.പ്രാദേശിക ഉത്പന്നങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന പ്രധാന മന്ത്രിയുടെ നിർദ്ദേശം സ്വാഗതാർഹമാണ്​. ഇത് റബർ കാർഷിക വ്യാപാര വ്യവസായ മേഖലക്ക് പുതിയ ഉണർവ് നൽകും. ഇത് നടപ്പിലാക്കുവാൻ റബർ,ടയർ,മറ്റു റബർ ഉത്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി നിറുത്തിവെക്കണം. രാജ്യത്തു ഉല്പാദിപ്പിക്കുന്ന റബർ ഉപയോഗിച്ചതിന് ശേഷമേ ഇറക്കുമതി അനുവദിക്കാവൂ.അതേപോലെ തന്നെ ലോക്ക് ഡൗൺ കാലത്തു അവധി വ്യാപാരം അനുവദിച്ചത് വ്യാപാരികൾക്കും കർഷകർക്കും വലിയ ഇരുട്ടടിയായി. 125രൂപ ആയിരുന്ന റബർ വില ഈ കാലയളവിൽ 113/​രൂപയിലേക്കു താഴ്ന്നു.വില തകർച്ച കർഷകർക്കും വ്യാപാരികൾക്കും ഏറെ ദോഷകരമായി.
ഇതിനാൽ ഒരു വർഷക്കാലത്തേക്ക് റബർ അവധി വ്യാപാരം അനുവദിക്കരുതെന്നും ഫെഡറേഷൻ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.