അടൂർ : കടമ്പനാട് തുവയൂർ തെക്ക് കൊച്ചുമുകളിൽ വീട്ടിൽ ജോയിക്കുട്ടിയുടെയും ആനിയമ്മയുടെയും മകൻ ജോയലിന്റെ (29) മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് പരാതി നൽകി. ഡി.വൈ.എഫ്.ഐ അടൂർ മേഖല കമ്മിറ്റി അംഗവും സി.പി.എം സെൻട്രൽ ബ്രാഞ്ചംഗവുമായ ജോയൽ ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. നെഞ്ചുവേദന അനുഭപ്പെട്ടതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇ.സി.ജിയിലെ വേരിയേഷൻ കാരണം ശാസ്താംകോട്ടയിലെ ഒരു കാർഡിയോളജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജോയിക്കുട്ടി പരാതി ഉന്നയിച്ചതിനെ തുടർന്ന് ആർ.ഡി.ഒ ശാസ്താംകോട്ടയിലെ ആശുപത്രിയിൽ എത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. ജനുവരി 1ന് ഒരു പൊലീസ് കേസുമായി ബന്ധപ്പെട്ട് ജോയലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അന്നേറ്റ പൊലീസ് മർദ്ദനമാകാം മരണത്തിലേക്ക് വഴിതെളിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം. സഹോദരൻ: ജിജോ.