കോഴഞ്ചേരി : തമിഴ്നാട്ടിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരുന്ന ലോറിയിൽ വൻതോതിൽ നിരോധിത പുകയില ഉല്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മൊത്തവ്യാപാരം നടത്തിവന്നിരുന്ന തമിഴ്നാട് സ്വദേശിയും സഹായിയും കോഴഞ്ചേരിയിൽ പത്തനംതിട്ട ആന്റീനാർക്കോട്ടിക് പൊലീസ് ടീമിന്റെ പിടിയിലായി.
തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്ന് പത്തുകൊല്ലം മുൻപ് കേരളത്തിലെത്തി കോഴഞ്ചേരി ടൗണിൽ ബസ് സ്റ്റാന്റിന് സമീപം സ്റ്റേഷനറി, ചില്ലറ - മൊത്ത വ്യാപാര കട നടത്തിവരുന്ന കോഴഞ്ചേരി കീഴുകര ഉദയഭവനം വീട്ടിൽ രാജ്കുമാർ (47), സഹായിയും കടയിലെ സെയിൽസുമാനുമായ കുറുന്താർ പോരൂർ പുത്തൻവീട്ടിൽ സുബീഷ് (27) എന്നിവരെയാണ് 7 ലക്ഷത്തോളം വിലവരുന്ന 4500 ഓളം പായ്ക്കറ്റ് പുകയില ഉല്പന്നം കാറിൽ കടത്തിക്കൊണ്ടുവരുമ്പോൾ പൊലീസ് പിടികൂടിയത്. ലോക്ക് ഡൗൺ ആയതിനാൽ മറ്റ് ലഹരി വസ്തുക്കൾ ലഭ്യമല്ലാത്തതിനാൽ മൊത്ത കച്ചവടക്കാർ ഇപ്പോൾ മൂന്നിരട്ടി വിലയ്ക്കാണ് പുകയില ഉല്പന്നങ്ങൾ വില്പന നടത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് പായ്ക്കറ്റ് ഒന്നിന് മൂന്ന് രൂപയ്ക്ക് വാങ്ങിക്കൊണ്ടുവന്ന് 40 രൂപ നിരക്കിലാണ് ഇവിടെ വിൽപ്പന നടത്തിയിരുന്നത്.
കോഴഞ്ചേരി ടൗണിൽ സ്റ്റേഷനറി കടയുടെ മറവിൽ ഒരു ദിവസം അഞ്ച് ലക്ഷത്തിൽ അധികം രൂപയുടെ കച്ചവടമാണ് പിടിയിലായ രാജ്കുമാർ നടത്തിയിരുന്നത്. രാജ്കുമാറിൽ നിന്ന് പുകയില ഉല്പന്നം വിറ്റുകിട്ടിയ രണ്ടേമുക്കാൽ ലക്ഷത്തിൽ അധികം രൂപയും കണ്ടെടുത്തു. പ്രതികളെ റിമാൻ്റ് ചെയ്തു. സിഐ ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എസ്.ഐ മാരായ ആർ.എസ്. രഞ്ചു, എസ്. രാധാകൃഷ്ണൻ, എ.എസ്.ഐമാരായ വിൽസൺ, ഹരികുമാർ, സി.പി.ഒ ശ്രീരാജ്, ആറന്മുള എസ്.ഐ മാരായ വേണു, വിജേഷ് എ.എസ്.ഐ പ്രസാദ് എന്നിവർ പങ്കെടുത്തു.