വടശേരിക്കര: മഹാരാഷ്ട്രയിൽ നിന്നെത്തിയ കുടുംബത്തെ വീട്ടിൽ പ്രവേശിപ്പിക്കാതെ തടഞ്ഞ സംഭവത്തിൽ നാല് പേരെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരുനാട് പുതുവൽ വെൺകുളം വീട്ടിൽ ശരത് പ്രസാദ് (29), പെരുനാട് മൂഴിക്കൽ വീട്ടിൽ ലൈജു (39), പെരുനാട് സുനിൽഭവനിൽ സുനിൽകുമാർ (37), പെരുനാട് വിഷ്ണുഭവനിൽ രവി (55) എന്നിവരെയാണ് വടശേരിക്കര സി.എെ മനോജ് കുമാർ, പെരുനാട് എസ്.എെ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ വീടുകൾക്ക് സമീപത്ത് നിന്ന് പിടികൂടിയത്. ഇന്നലെ വൈകിട്ട് റാന്നി കോടതിയിൽ ഹാജരാക്കി.
പെരുനാട് മാമ്പാറ സ്വദേശികളായ പാലയ്ക്കൽ സുരേന്ദ്രനും കുടുംബവുമാണ് നാട്ടുകാരുടെ എതിർപ്പ് മൂലം വഴിയിൽ തങ്ങേണ്ടിവന്നത്. അധികൃതരെ അറിയിച്ച ശേഷമാണ് 19ന് വെളുപ്പിന് ഇവർ വടശേരിക്കരയിലെത്തിയത്.
എറണാകുളം വരെ ടാക്സിയിലും തുടർന്ന് ആംബുലൻസിലും വടശേരിക്കരയിലെത്തിയ ഇവർ സ്വന്തം പഞ്ചായത്തായ പെരുനാട്ടിൽ താമസിക്കുന്നതിനാണ് ആദ്യം പ്രതിഷേധമുണ്ടായത്. മണിക്കൂറുകളോളം ആംബലുൻസിൽ കഴിയേണ്ടിവന്നു. തുടർന്ന് മാമ്പാറയിൽ വീട് കണ്ടെത്തി ക്വാറന്റൈനിലാക്കുകയായിരുന്നു.