അടൂർ : നാട്ടിലേക്ക് മടങ്ങുമ്പോൾ കേരളത്തെ മറക്കാതിരിക്കാൻ വിജയ് ഭരദ്വാജ് ഒപ്പംകൂട്ടിയത് രണ്ട് മാവിൻ തൈകളാണ്. ' ഇൗ തൈകൾ ഞാൻ അവിടെ നടും. അവ വളരുന്നത് കാണുമ്പോൾ എന്നും കേരളത്തെ ഒാർക്കും ഇത്രയും രുചിയുള്ള മാമ്പഴം ഞങ്ങളുടെ നാട്ടിൽ കിട്ടില്ല'.- യു.പി സ്വദേശിയായ വിജയ് (34) പറഞ്ഞു.

എട്ടുവർഷമായി കേരളത്തിലെ തൊഴിലാളിയാണ് വിജയ് . വെള്ളിയാഴ്ചയാണ് അന്യ സംസ്ഥാനക്കാരായ മറ്ര് തൊഴിലാളികൾക്കൊപ്പം നാട്ടിലേക്ക് മടങ്ങിയത്.

അടൂർ ടൗൺ യു. പി സ്കൂൾ പരിസരത്ത് എത്തിയ തൊഴിലാളികൾക്കെല്ലാം കേരളത്തെക്കുറിച്ച് പറയാൻ നല്ലവാക്കുകളേ ഉള്ളായിരുന്നു. ഇനിയും ഇൗ നാട്ടിലേക്ക് വരാൻ കഴിയുമോ എന്ന് ആർക്കും ഉറപ്പില്ല. തിരികെ വരണമെന്നാണ് ആഗ്രഹം. കൊവിഡ് കാലത്ത് ലഭിച്ച സംരക്ഷണത്തിൽ എല്ലാവരും തൃപ്തരാണ്. ഇതേപരിചരണം ഞങ്ങളുടെ നാട്ടിൽ ലഭിക്കില്ലെന്ന് അവർ പറഞ്ഞു. കോൺട്രാക്ടർമാർ ചില കാര്യങ്ങളിൽ ദേഷ്യപ്പെട്ടാലും പത്തു മിനിട്ടുകൊണ്ട് ദേഷ്യംമറന്ന് സ്നേഹത്തോടെ പെരുമാറും. ജോലിചെയ്യാൻ ഇത്രയും പറ്റിയ അന്തരീക്ഷം രാജ്യത്ത് എവിടെയും കിട്ടില്ല. ജോലിയില്ലാതെ രണ്ടുമാസം കഴിയേണ്ടി വന്നപ്പോഴും ആഹാരത്തിനോ താമസത്തിനോ യാതൊരു ബുദ്ധിമുട്ടമുണ്ടായില്ല. ചിറ്റയം ഗോപകുമാർ എം. എൽ. എയോടും അവർ നന്ദി പറഞ്ഞു. കൂപ്പുകൈകളുമായി എല്ലാവരോടും പലതവണ നന്ദിപറഞ്ഞായിരുന്നു റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര.