പത്തനംതിട്ട: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മുന്നോടിയായി പത്തനംതിട്ട തൈക്കാവ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വീണാ ജോർജ് എം.എൽ.എയുടെ മേൽനോട്ടത്തിൽ അഗ്‌നിശമനസേന അണുവിമുക്തമാക്കി. ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, സ്‌കൂൾ വരാന്തകൾ ഉൾപ്പെടെ സ്‌കൂളും പരിസരവും പൂർണ്ണമായും അണുവിമുക്തമാക്കി.
രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും ഒരു തരത്തിലുള്ള ആശങ്കയുമില്ലാതെ പരീക്ഷകൾക്ക് എത്താനുള്ള എല്ലാ സജ്ജീകരണങ്ങളും സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. മാസ്‌കുകൾ, സാനിട്ടൈസർ, ഗ്ലൗസുകൾ എന്നിങ്ങനെ എല്ലാ ക്രമീകരണങ്ങളും സ്‌കൂളുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ ആന്റ് റെസ്‌ക്യൂ സംഘമാണ് ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്.