തിരുവല്ല: സോളാർ വഴി വിളക്കുകൾ തകരാറിലായതോടെ സന്ധ്യ മയങ്ങിയാൽ എം.സി റോഡ് കൂരിരുട്ടിലാകും. തിരുവല്ല മുതൽ ഇടിഞ്ഞില്ലം വരെയുള്ള ഭാഗങ്ങളിലാണ് എം.സി റോഡിൽ രാത്രി വെളിച്ചം ഇല്ലാത്തത്.മുത്തൂർ ജംഗ്ഷനിൽ മോഷണവും പതിവാകുന്നുണ്ട്.പാതിരാത്രിയിൽ പോലും തിരക്കേറിയ എം.സി. റോഡിൽ ഒന്നരവർഷം മുമ്പ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് സോളാർ വഴി വിളക്കുകൾ സ്ഥാപിച്ചത്.എന്നാൽ ഇതെല്ലാം അറ്റകുറ്റപ്പണികളൊന്നും നടക്കാത്തതിനാൽ തകരാറിലായിട്ട് ഏറെക്കാലമായി. ഇതുകാരണം രാത്രികാല യാത്രക്കാർ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.ചെറുതും വലുതുമായ റോഡുകൾ സംഗമിക്കുന്ന ഒട്ടേറെ ജംഗ്ഷനുകൾ ഈഭാഗത്തുണ്ട്.രാമഞ്ചിറ,മുത്തൂർ,പന്നിക്കുഴി,പെരുന്തുരുത്തി, ഇടിഞ്ഞില്ലം തുടങ്ങിയ ജംഗ്ഷനിലുകളിലും സന്ധ്യമയങ്ങിയാൽ പിന്നെ കൂരിരുട്ടാണ്.ലോക്ക് ഡൗൺ കാരണം കച്ചവട സ്ഥാപനങ്ങൾ നേരത്തെ അടച്ചു പോകുന്നതിനാൽ കടകളിലെ വെളിച്ചം പോലും റോഡിൽ കിട്ടുന്നില്ല.ഇടിഞ്ഞില്ലം,പ്ലാവിൻ ചുവട് എന്നിവിടങ്ങളിൽ അപകടങ്ങളും പതിവാണ്.മാസങ്ങളായി വഴിവിളക്കുകൾ പ്രവർത്തനരഹിതമാണെന്നും യാത്രക്കാരും സമീപവാസികളും പറയുന്നു.വെളിച്ചമില്ലാത്തതിനാൽ ആറ് റോഡുകൾ സംഗമിക്കുന്ന മുത്തൂർ ജംഗ്ഷനിലെ സ്ഥിതി ഏറെ പരിതാപകരമാണ്. പല റോഡുകളിലേക്കും തിരിഞ്ഞുപോകാൻ വെളിച്ചം ഇല്ലാത്തതിനാൽ യാത്രക്കാർക്ക് ഭീതിയാകുന്നു.
പെരുന്തുരുത്തിയിൽ വഴിതെറ്റാനും സാദ്ധ്യത
എം.സി.റോഡിൽ നിന്നും പുതുപ്പള്ളി റോഡിലേക്ക് പ്രവേശിക്കുന്ന പെരുന്തുരുത്തിയിലും തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ കൂരിരുട്ടാണ്. ഇതുകാരണം രാത്രികാല യാത്രക്കാർക്ക് തിരിഞ്ഞു പോകേണ്ട സ്ഥലം മനസിലാകാതെ ഇവിടെ വഴി തെറ്റിപ്പോകാനും സാദ്ധ്യതയുണ്ട്. കൊവിഡിനെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വിജനമായതോടെ പലയിടത്തും ആളനക്കമില്ലാത്ത സ്ഥിതിയാണ്.
എം.സി റോഡിലെ തകർച്ചയിലായ വഴിവിളക്കുകൾ അടിയന്തിരമായി പ്രവർത്തിപ്പിക്കാൻ അധികൃതർ നടപടിയെടുക്കണം
ബിജു ചൂളയിൽ
(മുത്തൂർ)
-അറ്റകുറ്റപ്പണികൾ നടത്തിയിട്ട് ഏറെനാൾ
-രാത്രിയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട്
-അപകടങ്ങൾ പതിവ്