പത്തനംതിട്ട: അന്യസംസ്ഥാന തൊഴിലാളികളുടെ ജില്ലയിൽ നിന്നുള്ള ആദ്യസംഘം യാത്രതിരിച്ചു. ഉത്തർപ്രദേശിലേക്കാണ് പുറപ്പെട്ടത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ വൈകിട്ട് 6.30ന് പുറപ്പെട്ട ഉത്തർ പ്രദേശിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനിൽ ജില്ലയിൽ നിന്നുള്ള 226 തൊഴിലാളികളാണ് മടങ്ങിയത്. ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സംഘം യാത്ര തിരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 10 കെ.എസ്.ആർ.ടി.സി ബസുകളിലായിട്ടാണ് ഇവരെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.
തിരുവല്ല റവന്യു ടവറിൽ നിന്ന് പുറപ്പെട്ട സംഘത്തിന് അഡ്വ. മാത്യു ടി തോമസ് എം.എൽ.എ മെഡിക്കൽ പാസ് കൈമാറി. തിരുവല്ല തഹസിൽദാർ പി. ജോൺ വർഗീസ്, അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.കെ. രേഖ എന്നിവർ ചേർന്ന് തൊഴിലാളികളെ യാത്രയാക്കി.
അടൂരിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ അതിഥി തൊഴിലാളികൾക്ക് ഹോമിയോമരുന്നുകളുടെ കിറ്റും കുടുംബാംഗങ്ങൾക്കുള്ള ഹോമിയോപതിക് ഇമ്മ്യൂണിറ്റി ബൂസ്റ്ററും കൈമാറി. അടൂർ തഹസിൽദാർ ബീന എസ് ഹനീഫ്, ഡിഎംഒ (ഹോമിയോ) ഡോ. ഡി. ബിജുകുമാർ, നോഡൽ ഓഫീസർ ഡോ. ബിജി ഡാനിയേൽ, ഡോ. റെജികുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർ ഡോ. ലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു.
പത്തനംതിട്ട ആനപ്പാറ ജി.എൽ.പി.എസിൽ നിന്നും പുറപ്പെട്ട സംഘത്തെ വീണാ ജോർജ് എം.എൽ.എ യാത്രയാക്കി.
കോന്നിയിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയും
മല്ലപ്പള്ളിയിൽ തഹസിൽദാർ മധുസൂദനൻ നായരും അസിസ്റ്റന്റ് ലേബർ ഓഫീസർ എം.എസ്. സുരേഷും ചേർന്ന് തൊഴിലാളികളെ യാത്രയാക്കി.
കോന്നി താലൂക്കിൽ നിന്ന് 41 ഉം കോഴഞ്ചേരി താലൂക്കിൽ നിന്ന് 37 ഉം അടൂർ താലൂക്കിൽ നിന്ന് 58 ഉം മല്ലപ്പള്ളി താലൂക്കിൽ നിന്ന് 51 ഉം തിരുവല്ല താലൂക്കിൽ നിന്ന് 24 ഉം റാന്നി താലൂക്കിൽ നിന്ന് 15 ഉം തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയത്.