പത്തനംതിട്ട: സംസ്ഥാനത്താകെ ഇന്നലെ 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ജില്ലയിൽ ഒരു കേസുപോലും ഇല്ലായിരുന്നത് ആശ്വാസമായി. നിലവിൽ എട്ടു രോഗികളാണ് ചികിത്സയിലുള്ളത്.

--------------------

ചികിത്സയിലുള്ളവർ

പത്തനംതിട്ട ജനറൽ ആശുപത്രി - 11

കോഴഞ്ചേരി ജില്ലാ ആശുപത്രി - 5

അടൂർ ജനറൽ ആശുപത്രി- 6

നിരീക്ഷണത്തിലുള്ളവർ - 3152

...............................................

മൂന്ന് വിമാനങ്ങളിലായി

ജില്ലയിലെത്തിയത് 23 പേർ

പത്തനംതിട്ട: ജില്ലയിലെ 23 പ്രവാസികളാണ് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിലായി എത്തിയത്. 15 സ്ത്രീകളും ഏഴ് പുരുഷന്മാരും ഒരു കുട്ടിയും ഉൾപ്പെടെയായിരുന്നു യാത്രക്കാർ. ആറുപേർ ഗർഭിണികളാണ്. റോം - കൊച്ചി വിമാനത്തിൽ എത്തിയ അഞ്ചു പേരും കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്. മനാമ - തിരുവനന്തപുരം വിമാനത്തിൽ വന്നവരിൽ ഒരു ഗർഭിണി ഉൾപ്പടെ എട്ടുപേർ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു. ദുബായ് കൊച്ചി വിമാനത്തിൽ എത്തിയ നാലു പേരും കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.

-------------------------


റെയിൽവേ സ്റ്റേഷനിൽ

പരിശോധന

തിങ്കളാഴ്ച മുതൽ തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച സാഹചര്യത്തിൽ സൗകര്യങ്ങൾ വിലയിരുത്തുന്നതിന് തിരുവല്ല റയിൽവേ സ്റ്റേഷനിൽ സബ് കളക്ടർ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.
ട്രെയിനിൽ ഇറങ്ങുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും.
റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തുകടക്കാൻ ഒരുവഴി മാത്രമാണ് ഉണ്ടാവുക. മറ്റെല്ലാ വഴികളും പൊലീസ് അടയ്ക്കും. ഏകദേശം 250 ഓളം പേർ ഒരു ട്രെയിനിൽ വന്നിറങ്ങുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് ട്രെയിൻ വരുക. ട്രെയിനിൽ നിന്നിറങ്ങുന്ന ആളുകളെ ആർ.പി.എഫിന്റെ സഹായത്തോടെ സാമൂഹിക അകലം പാലിച്ച് ഒന്നാമത്തെ പ്ലാറ്റ് ഫോമിലേക്കെത്തിക്കും. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ എത്തിയാൽ ആദ്യം ഇവരുടെ സാധന സാമഗ്രികൾ നഗരസഭയും, ഫയർഫോഴ്‌സും ചേർന്ന് അണുവിമുക്തമാക്കും. തുടർന്ന് മൂന്ന് ടീമുകൾ തെർമൽ സ്‌കാനിംഗ് നടത്തും.
സ്‌കാനിംഗിൽ രോഗലക്ഷണമുണ്ടെന്ന് കണ്ടെത്തിയാൽ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. ഇവരെ നേരിട്ട് കൊവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകുകയും ചെയ്യും. രോഗലക്ഷണമില്ലാത്തവരെ റെയിൽവേ സ്റ്റേഷനിൽ തയാറാക്കുന്ന പാസഞ്ചർ ലോഞ്ചിലേക്ക് മാറ്റും. പാസഞ്ചർ ലോഞ്ചിൽ വച്ച് സെൽഫ് റിപ്പോർട്ടിംഗ് ഫോം പൂരിപ്പിച്ചു നൽകണം. ശേഷം ആറ് താലൂക്കുകൾക്കായും, ഇതര ജില്ലകൾക്കുമായി തയാറാക്കിയ ഏഴ് കൗണ്ടറുകളിൽ എത്തണം.
കൗണ്ടറുകളിൽ ഡോക്ടർമാരുടെ പരിശോധനയ്ക്കു ശേഷം ഡാറ്റാ എൻട്രി സ്റ്റേഷനിൽ എത്തി ഡാറ്റ കൈമാറണം. കൊവിഡ് ജാഗ്രതാ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം താലൂക്കുതലത്തിൽ തയാറാക്കിയ ബസുകളിൽ ആളുകളെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സിൽ എത്തിക്കും. തിങ്കളാഴ്ച രാവിലെ 10.30ന് മോക്ഡ്രിൽ നടത്തുമെന്ന് സബ് കളക്ടർ പറഞ്ഞു. എൽ.എ ഡെപ്യുട്ടി കളക്ടർ എസ്.എച്ച്. സജികുമാർ, എൻ.എച്ച്.എം ഡി പി എം എബി സുഷൻ, തിരുവല്ല തഹസിൽദാർ പി. ജോൺ വർഗീസ്, എൻ.ഐ.സി ടെക്‌നിക്കൽ ഡയറക്ടർ ജിജി ജോർജ്, തുടങ്ങിയവർ പങ്കെടുത്തു.

-------------