thada
മൂഴിക്കൽ തോടിന് കുറുകെയുള്ള തടയണ

ചെങ്ങന്നൂർ: പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഇല്ലിമല മൂഴിക്കൽ തോടിന് കുറുകെയുള്ള തടയണ റെയിൽവേ പൊളിച്ചുമാറ്റുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം. പി അറിയിച്ചു. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കാൻ താത്കാലികമായി വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കും. തടയണ നിർമ്മിക്കാനായി തോട്ടിൽ നിക്ഷേപിച്ച മണ്ണ് നീക്കംചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കും. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി എം.സി.റോഡിന് കുറുകെയുള്ള റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിന് വേണ്ടിയാണ് റെയിൽവേ തോടിന് കുറുകെ മണ്ണിട്ട് തടയണ നിർമ്മിച്ച് വെള്ളം ഒഴുകിപ്പോകുന്നത് തടസപ്പെടുത്തിയത്.

മലിനജലം തോട്ടിൽ കെട്ടിക്കിടന്ന് രൂക്ഷമായ ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് വ്യാപക പരാതി ഉയർന്നിരുന്നു. തുടർന്നാണ് റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ അജയകുമാർ ഗുപ്ത, സീനിയർ സെക്ഷൻ എൻജിനീയർ കെ.ജെ.സുനിൽകുമാർ എന്നിവർ ഇവിടം സന്ദർശിച്ചത്. കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എസ്.സുധാമണി, കൗൺസിലർമാരായ ജോൺ മുളങ്കാട്ടിൽ, ഭാർഗവി ടീച്ചർ, ഷേർലി രാജൻ, പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജ് ചെയർപേഴ്‌സൺ മറിയാമ്മ ജോർജ്ജ്, വരുൺ മട്ടയ്ക്കൽ, ഗോപു പുത്തൻമഠത്തിൽ, വർഗ്ഗീസ് തോമസ്, പ്രസാദ് തോമസ് എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.