പത്തനംതിട്ട : ജനറൽ ആശുപത്രി കെട്ടിടത്തിനുള്ളിൽ പ്രവർത്തിയ്ക്കുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിൽ മോഷണം.88,962 രൂപ കവർന്നു.ഫാർമസിയുടെ പൂട്ട് തല്ലിപ്പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്.ശനിയും ഞായറും അവധിയായതിനാൽ മുമ്പ് ലഭിച്ച തുക ഫാർമസിയിൽ ഡ്രോയിൽ സൂക്ഷിച്ചിരുന്നു.എപ്പോഴാണ് കവർച്ച നടന്നതെന്ന് വ്യക്തമായിട്ടില്ല.ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.ഇന്നലെ രാവിലെ ജോലിയ്‌ക്കെത്തിയ ഫാർമസിസ്റ്റാണ് പൂട്ട് തുറന്ന് കിടക്കുന്നത് കണ്ടത്.ഉടൻ തന്നെ സെക്യൂരിറ്റിയെ വിളിയ്ക്കുകയും ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.മൂന്ന് ഫാർമസിസ്റ്റും ഒരു ശുചീകരണ തൊഴിലാളിയുമാണ് ഫാർമസിയിലുള്ളത്.രാവിലെ 9മുതൽ വൈകിട്ട് 6 വരെയാണ് ജോലി സമയം.കൊവിഡ് ആയതിനാൽ അരമണിക്കൂർ നേരത്തെ ഫാർമസി അടയ്ക്കും.കഴിഞ്ഞ ജൂണിൽ കൗണ്ടറിന് മുമ്പിൽ മരുന്നെടുത്ത് നൽകുന്ന ഹോൾ തുറന്നു കിടന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.അന്ന് ജീവനക്കാർ സൂപ്രണ്ടിനും കെ.എം.എസ്.സി.എല്ലിനും പരാതി നൽകി.വിലക്കുറവിൽ മരുന്ന് ലഭിക്കുന്നതിനാൽ നിരവധിപ്പേരാണ് മരുന്നിനായി കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയെ ആശ്രയിക്കുന്നത്.ഇന്നലെ ഫാർമസി പ്രവർത്തനം നടത്തിയില്ല.ആശുപത്രിയ്ക്കകത്ത് സി.സി.ടി.വി കാമറകൾ ഉണ്ടെങ്കിലും ഫാർമസിയുടെ സമീപത്ത് കാമറകൾ ഇല്ല.പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.