പത്തനംതിട്ട : നാട്ടിലേക്ക് മടങ്ങി പോകണമെന്നാവശ്യപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കണ്ണങ്കരയിൽ സംഘടിച്ചു. നൂറിലധികം തൊഴിലാളികൾ പ്രതിഷേധവുമായി എത്തിയിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് മുമ്പിലായിരുന്നു പ്രതിഷേധം. ഉത്തരാഖണ്ഡ്, ബീഹാർ സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗവും. ട്രെയിനില്ലെങ്കിൽ ബസ് ഏർപ്പെടുത്തണമെന്ന നിലപാടിലായിരുന്നു തൊഴിലാളികൾ. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തൊഴിലാളികളെ മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. പിന്നീട് കൂടുതൽ പൊലീസ് എത്തി ബലമായി മടക്കി അയക്കുകയായിരുന്നു. ഇനിയും ഇവിടെ തുടർന്നാൽ ഭക്ഷണം ലഭിക്കില്ലെന്നും ഇപ്പോൾ തന്നെ ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടെന്നും തൊഴിലാളികൾ പറയുന്നു. ഭക്ഷണം എത്തിയ്ക്കാനുള്ള നടപടികൾ ചെയ്യാം എന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്.

ട്രെയിനിന് അനുമതി ലഭിക്കുന്നതിനൊപ്പമാണ് പാസ് നൽകി കൊവിഡ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകി ഇവരെ റെയിൽവേ സ്റ്റേഷനിലെത്തിച്ച് നാട്ടിലേക്ക് അയയ്ക്കുന്നത്.

രണ്ട് പേർക്കെതിരെ കേസ്

അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിയ്ക്കാമെന്ന് പ്രചരിപ്പിച്ച രണ്ട് പേർക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശികളായ വിജയകുമാർ, ഷാഹുൽ ഹമീദ് എന്നിവർക്കെതിരെയാണ് കേസ്. അന്യ സംസ്ഥാന തൊഴിലാളികൾ 7500 രൂപ നൽകിയാൽ ഇവരുടെ ട്രാവൽസ് വഴി നാട്ടിലെത്തിയ്ക്കാം എന്ന് ഇവർ തൊഴിലാളികളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതെ തുടർന്നാണ് തൊഴിലാളികൾ സംഘടിച്ചതും പ്രതിഷേധിച്ചതും. ട്രെയിനിന് പകരം ബസ് മതി... രൂപ ഞങ്ങൾ കൊടുത്തോളാം എന്നാണ് തൊഴിലാളികൾ പറഞ്ഞത്. ചിലരുടെ ബന്ധുക്കൾ മരിച്ചതിനാൽ കാണാൻ പോകണമെന്നും തൊഴിലാളികൾ പറയുന്നു.

വിശദമായ അന്വേഷണം നടത്തും

പത്തനംതിട്ട : കണ്ണങ്കരയിൽ അന്യ സംസ്ഥാന തൊഴിലാളികൾ സംഘടിച്ച സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കും.

രണ്ടരലക്ഷം രൂപ നല്കിയാൽ 30 പേരെ നാട്ടിൽ എത്തിക്കാമെന്ന് സൂര്യാ ട്രാവൽ ഏജന്റ് ഉറപ്പ് നൽകിയിരുന്നു.
തൊഴിലാളികളുടെ ഭക്ഷണത്തിന്റെയും തിരിച്ചുപോക്കിന്റെയും കാര്യത്തിൽ നടപടി സ്വീകരിക്കുന്നതിന് പത്തനംതിട്ട ഡിവൈ.എസ്.പി കെ.സജീവിനെ ചുമതലപ്പെടുത്തി.

സംഭവത്തിൽ രാഷ്ട്രീയമുണ്ടോയെന്ന് വിശദമായി അന്വേഷിക്കും.

കെ.ജി സൈമൺ,

ജില്ലാ പൊലീസ് മേധാവി