കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഓട്ടോറിക്ഷത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താൻ വീണാ ജോർജ് എം.എൽ.എയുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ പത്തനംതിട്ട നഗരത്തിലെ എല്ലാ ഓട്ടോറിക്ഷകൾക്കുള്ളിലും ഫൈബർ ഷീൽഡുകൾ ഘടിപ്പിക്കും.ഡ്രൈവറുടെ സീറ്റിനും യാത്രക്കാരുടെ സീറ്റിനും ഇടയിലാണു ഷീൽഡ് പിടിപ്പിക്കുന്നത്.കൊവിഡ്19 വ്യാപനം തടയുന്നതിനു വേണ്ടി ഓട്ടോ ടാക്സി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ഡ്രൈവർമാരും അനുവർത്തിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ മോട്ടോർ വാഹന വകുപ്പ് തയാറാക്കിയ പോസ്റ്റർ കാണത്തക്ക വിധത്തിൽ ഷീൽഡിൽ പതിക്കും.

യാത്രക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കും

ഇതുവഴി ഡ്രൈവറും യാത്രക്കാരും തമ്മിൽ ഉണ്ടായേക്കാവുന്ന സമ്പർക്കം ഒഴിവാക്കാൻ സാധിക്കും. കൊച്ചി എയർപോർട്ട് ടാക്സികളിൽ സമാനമായ രീതിയിലുള്ള ഷീൽഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുശ്രദ്ധയിൽപ്പെട്ട വീണാ ജോർജ് എം.എൽ.എ ഓട്ടോറിക്ഷാ തൊഴിലാളികൾക്കുവേണ്ടി സമാനമായ സുരക്ഷാ ഷീൽഡ് ചെലവ് കുറഞ്ഞ രീതിയിൽ തയാറാക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ആവശ്യപ്പെടുകയായിരുന്നു. എം.എൽ.എയുടെ ആവശ്യപ്രകാരം ആർ.ടി.ഒ യുടെയും മോട്ടോർ വാഹന ഇൻസ്‌പെക്ടറുടെയും നേതൃത്വത്തിൽ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിലാണ് ഷീൽഡ് നിർമ്മിച്ചു നൽകുന്നത്. 500 രൂപയിൽ താഴെ മാത്രമായിരിക്കും ഇതിന്റെ ചിലവ്.

ഫൈബർ ഷീൽഡുകൾ ഘടിപ്പിച്ചത് ആദ്യം പത്തനംതിട്ട സ്റ്റാൻഡിലെ ഓട്ടോയിൽ


പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ അജയകുമാറിന്റെ ഓട്ടോയിലാണ് ആദ്യത്തെ ഷീൽഡും പോസ്റ്ററും മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ വീണാ ജോർജ് എം.എൽ.എ ഘടിപ്പിച്ചത്.സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ആർ.ടി.ഒ ജിജി ജോർജ്,മോട്ടോർ വാഹന ഇൻസ്‌പെക്ടർ ആർ.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

-ചെലവ് 500 രൂപയിൽ താഴെ

-ഡ്രൈവറുടെ സീറ്റിനും യാത്രക്കാരുടെ സീറ്റിനും ഇടയിലും