പത്തനംതിട്ട: അഴൂർ മുക്കരണത്ത് ബിൽഡിംഗിലെ എ.വി.ജി മോട്ടോഴ്‌സിന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഉപയോഗ ശൂന്യമായ വാതക സിലിണ്ടർ ചോർന്നത് ഭീതി പരത്തി. പരിസരമാകെ വാതക ഗന്ധം പടർന്നു. പത്തനംതിട്ട ഫയർഫോഴ്സ് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ച് ഒന്നര മണിക്കൂർ പണിപ്പെട്ട് ചോർന്ന വാതകം നിർവീര്യമാക്കി. 18.5 കിലോ സംഭരണ ശേഷിയുളള സിലിണ്ടറാണ് ചോർന്നത്.
ഉപയോഗ ശൂന്യമായ ഇരുമ്പ് വസ്തുക്കൾ നീക്കം ചെയ്ത് കൊണ്ടിരിക്കുമ്പോൾ സിലിണ്ടറിന്റെ വാൽവ് തെറിച്ച് പോയി വാതകം ചോരുകയായിരുന്നു. സമീപത്ത് കെ.എസ്. ഇ.ബി സബ് സ്റ്റേഷൻ, പെട്രോൾ പമ്പ് എന്നിവ ഉള്ളത് അപകട ഭീഷണിയായിരുന്നു.
പത്തനംതിട്ട ഫയർ ഒാഫീസർ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘം വാഹനത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് സിലിണ്ടർ തണുപ്പിച്ചു. വാട്ടർ മിസ്റ്റ് സ്‌പ്രേ ചെയ്ത് വാതകം അടിഞ്ഞ് കൂടുന്നത് തടഞ്ഞു. തുടർന്ന് വിനോദ് കുമാറും ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കൃഷ്ണനുണ്ണിയും പ്രത്യേക ശ്വാസനോപകരണം ധരിച്ച് സിലിണ്ടർ വാൽവ് തുറന്ന് വിട്ട് വാതകം പൂർണ്ണമായും ചോർത്തിക്കളഞ്ഞു. സിവിൽ ഡിഫൻസ് വോളണ്ടിയർമാർ അടുത്തുള്ള പെട്രോൾ പമ്പ്, കടകൾ എന്നിവയുടെ പ്രവർത്തനം താത്കാലികമായി നിർത്തി വയ്പ്പിച്ചു.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പോൾ വർഗീസ്, ജീവനക്കാരായ ശരത്ത്, വ്യാസ്, വിവേക്, അനു, ശ്രീരാഗ്, രഞ്ജിത്ത്, ഷൈൻ കുമാർ, സജിത്ത് എന്നിവരും സിവിൽ ഡിഫൻസ് വോളന്റിയർമാരായ ബിജു കുമ്പഴ, ദീപു കോന്നി, മനു, ഷൈജു മോൻ എന്നിവർ രക്ഷാ പ്രവർത്തനം നടത്തി.