തിരുവല്ല: ജില്ലയിൽ ഇന്ന് പുനരാരംഭിക്കുന്ന എസ്എസ്എൽ.സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിലെ 168 സെന്ററുകളിലായി 10,490 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷയെഴുതുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ. ശാന്തമ്മ അറിയിച്ചു. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്എസ്എൽസി പരീക്ഷ ഇന്നു(26) മുതൽ 30 വരെ നടക്കും. പരീക്ഷയ്ക്ക് മുന്നോടിയായി ഫയർഫോഴ്‌സിന്റെ സഹായത്തോടെ സ്‌കൂളുകൾ ശുചീകരിച്ചു. കൂടാതെ ഗ്ലൗസുകൾ, മാസ്‌കുകൾ, സാനിറ്റൈസറുകൾ, ഹാൻഡ് വാഷ്, സോപ്പ്, തെർമൽ സ്‌കാനറുകൾ തുടങ്ങിയവ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും എത്തിച്ചു. ജില്ലാ പഞ്ചായത്താണ് സാനിറ്റൈസറുകൾ ലഭ്യമാക്കിയത്. വാഹന ക്രമീകരണം നടത്തുന്നതിന് പ്രഥമ അധ്യാപകരെ ചുമതലപ്പെടുത്തി. പരീക്ഷകൾ സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും നിവൃത്തി വരുത്തുന്നതിനും അടിയന്തിര സാഹചര്യം നേരിടുന്നതിനും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ വാർ റൂം ക്രമീകരിച്ചു. പരീക്ഷയുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചു. സമഗ്രശിക്ഷാ കേരളയുടെയും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ മാസ്‌ക്, ലഘുലേഖ വിതരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി. ജില്ലാ മെഡിക്കൽ ഓഫീസറുടെ(ആരോഗ്യം) സഹകരണത്തിൽ പരീക്ഷാ കേന്ദ്രത്തിലെ അധ്യാപകർക്ക് അതത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ കൗൺസലിംഗ് നൽകി.