പത്തനംതിട്ട : ഗേറ്റ് കടന്ന് തനിച്ച് സ്കൂൾ കോമ്പൗണ്ടിലേക്ക്. കൂട്ടുകാരോടൊപ്പം ചേർന്ന് നടക്കാൻ പറ്റില്ല.... അകലം പാലിക്കണം. പരീക്ഷയോടൊപ്പം കൊവിഡിനേയും നേരിടണം. ഇങ്ങനെ വലിയ ഉത്തരവാദിത്വം നിറഞ്ഞ പരീക്ഷാദിനമായിരുന്നു വിദ്യാർത്ഥികൾക്ക് ഇന്നലെ. ഉച്ചയ്ക്ക് 1.45 ന് ആണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ചത്. ഇന്നലെ കണക്ക് പരീക്ഷയായിരുന്നു. അരമണിക്കൂറിന് മുമ്പേ വിദ്യാർത്ഥികൾ സ്കൂളുകളിലെത്തിയിരുന്നു. വീട്ടിൽ നിന്നും മാസ്ക് ധരിച്ചെത്തിയ വിദ്യാർത്ഥികൾ സ്കൂൾ ഗേറ്റിന് സമീപം തന്നെ തെർമൽ സ്കാനിംഗിന് വിധേയമായി. ശരീരോഷ്മാവ് ഉയർന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. കനത്ത ചൂട് ആയതിനാൽ ചില കുട്ടികളിൽ ശരീരോഷ്മാവ് ഉയർന്നിരുന്നു. മുഖം കഴുകി വൃത്തിയായി വിശ്രമിച്ചപ്പോഴേക്കും പൂർവ സ്ഥിതിയിലായി. കൈകൾ കഴുകി സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷമാണ് വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയത്. പരീക്ഷയുടെ തലേന്ന് തന്നെ ഗ്ലൗസും മാസ്കും കുട്ടികളുടെ വീടുകളിൽ എത്തിച്ചിരുന്നു. അല്ലാത്തവർക്ക് സ്കൂളുകളിൽ സൗകര്യം ഏർപ്പെടുത്തിയിരുന്നു.

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ രാവിലെ 9.30ന് ആണ് ആരംഭിച്ചത്. കൊവിഡ് പേടിയൊന്നും ആർക്കുമില്ലായിരുന്നു. കുറേ നാളുകൾക്ക് ശേഷം കൂട്ടുകാരെ കണ്ടപ്പോഴുണ്ടായ ആഹ്ളാദത്തിൽക്കൂടിയായിരുന്നു വിദ്യാർത്ഥികൾ.

ആശങ്കയോടെ രക്ഷകർത്താക്കൾ

സ്കൂൾ കോമ്പൗണ്ടിലേക്ക് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു. കുട്ടികളുമായെത്തിയ രക്ഷകർത്താക്കൾ അവരെ അകത്തേക്ക് വിട്ടിട്ട് പുറത്ത് കാത്തിരിക്കുകയായിരുന്നു. എല്ലാവരുടേയും മുഖത്ത് ആശങ്കയായിരുന്നു. പരീക്ഷയേക്കാൾ കൊവിഡിനെ ആയിരുന്നു രക്ഷകർത്താക്കൾ പേടിച്ചത്. പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികൾക്ക് സാനിറ്റൈസർ നൽകി കൈകൾ വൃത്തിയാക്കി.

168 കേന്ദ്രങ്ങൾ, 36,394 വിദ്യാർത്ഥികൾ

പത്തനംതിട്ട : ജില്ലയിൽ 168 പരീക്ഷാകേന്ദ്രങ്ങളിലായി എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ 36,394 കുട്ടികളാണു പരീക്ഷയെഴുതിയത്. മേയ് 30 വരെയാണു പരീക്ഷകൾ നടക്കുക.
എല്ലാ പരീക്ഷാകേന്ദ്രങ്ങളും പരീക്ഷയ്ക്കു മുന്നോടിയായി ഫയർഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്തമാക്കിയിരുന്നു.
വാഹന സൗകര്യമില്ലാത്തതും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുടുങ്ങിപ്പോയതുമായ കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു സർക്കാർ നിർദ്ദേശം നൽകിരുന്നു. സ്‌കൂൾ ബസുകളും യാത്രാസൗകര്യത്തിനായി ഒരുക്കി. എല്ലാ സ്‌കൂളുകളിലെയും പി.ടി.എ അംഗങ്ങളും പരീക്ഷാ ഹാളുകളിലെ ക്രമീകരണങ്ങൾ ഒരുക്കാൻ മുന്നിൽ തന്നെയുണ്ട്. മാസ്‌ക് ധരിച്ച് ശാരീരിക അകലം പാലിച്ച് ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നിങ്ങനെയാണ് ഇരിക്കുന്നത്. കുടിക്കുന്നതിനായി വെള്ളവും സജീകരിച്ചിട്ടുണ്ട്. പരീക്ഷയ്ക്കുശേഷം കുട്ടികൾ നിശ്ചിത അകലം പാലിച്ച്, പതിവ് കൂട്ടംകൂടലും ഹസ്തദാനംപോലുള്ള സ്‌നേഹ പ്രകടനങ്ങളും ഒഴിവാക്കി നിശ്ചയിച്ചിട്ടുളള കവാടത്തിലൂടെ പുറത്തിറങ്ങുന്നതിനായി ജനമൈത്രി പൊലീസും ഉണ്ട്. ഉത്തരപേപ്പറുകൾ നേരിട്ട് സ്പർശിക്കാതെ പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിക്കും. ഓരോ പരീക്ഷയ്ക്കുശേഷവും പരീക്ഷാ മുറികളും സ്‌കൂൾ പരിസരവും അണുവിമുക്തമാക്കും.

രക്ഷിതാക്കളുടെയും കുട്ടികളുടെയും സംശയ നിവാരണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വാർറൂമും സജീകരിച്ചിട്ടുണ്ട്.

വിളിക്കേണ്ട നമ്പറുകൾ: 9074625992, 9497692881, 9447407062, 04692600181.