പത്തനംതിട്ട: ജില്ലയിലെ എയ്ഡഡ് സ്‌കൂളുകൾക്ക് പരീക്ഷാ നടത്തിപ്പിനായി മാസ്‌കുകളോ സാനിറ്റൈസറോ നൽകാൻ ജില്ലാ പഞ്ചായത്തിനാകില്ലെന്ന് പ്രസിഡന്റ് അന്നപൂർണാദേവി പത്രസമ്മേളനത്തിൽ പറഞ്ഞു. എയ്ഡഡ് സ്‌കൂളുകൾക്കു കൂടി ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഇതിനുള്ള സൗകര്യം നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഉത്തരവ് പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ടായില്ല. മാസ്‌കും സാനിറ്റൈസറും തേടി എയ്ഡഡ് സ്‌കൂൾ അധികൃതർ ജില്ലാ പഞ്ചായത്തിനെ ബന്ധപ്പെടുന്നുണ്ട്. ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചതായി പറഞ്ഞാണ് വിളിക്കുന്നത്. എന്നാൽ ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകൾക്കു മാത്രമേ പരീക്ഷാസംബന്ധമായ മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവ എത്തിക്കാൻ നിലവിൽ വ്യവസ്ഥയുള്ളൂ. ഇത്തരം സ്‌കൂളുകളിൽ പിടിഎ, സന്നദ്ധസംഘടനകൾ എന്നിവയുടെ കൂടി സഹകരണത്തിൽ ക്രമീകരണം ചെയ്യാനും ചെലവാകുന്ന തുകയുടെ ബില്ലുകൾ സമർപ്പിക്കാനും പ്രഥമാദ്ധ്യപകരോടു നേരത്തെതന്നെ നിർദേശിച്ചിരുന്നതാണ്. സ്‌കൂളുകൾ അണുവിമുക്തമാക്കാനുള്ള നിർദേശവും നൽകിയിരുന്നു. എസ്.എസ്‌.കെയുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ, വാർഡ് മെമ്പർമാർ എന്നിവരുമായി സഹകരിച്ച് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ജില്ലയിൽ ഇതു പ്രാവർത്തികമായിരുന്നില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കെ.ജി. അനിത എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.