ചെങ്ങന്നൂർ: കൊവിഡും പ്രതിരോധ നടപടികളുമൊന്നും ചെങ്ങന്നൂരിലെ തട്ടുകടക്കാർക്ക് വിഷയമേയല്ല. ചെങ്ങന്നൂർ നഗരസഭയിലും പാണ്ടനാട് പഞ്ചായത്തിലുമായി മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യപ്രവർത്തകർ കടുത്ത ജാഗ്രതയിലാണെങ്കിലും തട്ടുകടക്കാർ അറിഞ്ഞമട്ടില്ല. നഗരസഭയും പഞ്ചായത്തും ഹോട്ട് സ്പോട്ടാണ്. പക്ഷേ പഞ്ചായത്തിലെ പ്രാവിൻ കൂട്, കല്ലിശേരി, മുളക്കുഴ, കാരയ്ക്കാട് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെയും വൈകിട്ടും തട്ടുകടകൾ സജീവമാണ്. ആഹാരസാധനങ്ങൾ പാഴ്സലായി മാത്രമേ നൽകാവുവെന്ന് ഹോട്ടലുകൾ ഉൾപ്പെടെയുള്ലവയ്ക്ക് കർശന നിർദ്ദേശം നൽകിയ സാഹചര്യത്തിലാണിത്. ചായയും ചെറുകടികളും വിൽക്കുന്ന കടകളിൽ ആളും കൂടുന്നുണ്ട്.
എം സി റോഡിൽ ഐ.ടി.ഐ ജംഗ്ഷൻ, മുണ്ടൻകാവ് ജംഗ്ഷൻ ,വെള്ളാവൂർ ജംഗ്ഷൻ, മുളക്കുഴ സി.സി.പ്ലാസ ,ശാസ്താംപുറം ചന്തയ്ക്കു സമീപം, ആൽത്തറ ജംഗ്ഷൻ എന്നിവിടങ്ങളിലും ഇതാണ് സ്ഥിതി. ചില്ലുഗ്ലാസിലാണ് ചായ നൽകുന്നത്. ഭക്ഷണ സാധനങ്ങൾ നൽകുന്നതും സുരക്ഷിതമായല്ല.
----------------
ആരോട് പറയാൻ !
ആരോഗ്യ പ്രവർത്തകരും പോലീസും നിർജീവമാണെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ നിന്നെത്തി
നഗരത്തിലെ ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന കുടുംബം അധികൃതരുടെ അനുമതിയില്ലാതെ വീട്ടിൽ പോയ സംഭവം അധികൃതരുടെ അനാസ്ഥയ്ക്ക് ഉദാഹരണമാണ്. കൊവിഡ് കെയർ സെന്ററിൽ നിന്ന് ആളുകൾ പുറത്തിറങ്ങി നടക്കുന്നതായും പരാതിയുണ്ട്.
ചെങ്ങന്നൂർ കെ.എസ് ആർ ടി സി ഡിപ്പോയുടെ മുൻ വശത്ത് കൊവിഡ് സെന്ററായ പൗർണമി ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുന്നവർ ഉപയോഗിച്ച ഡിസ്‌പോസിബിൾ ഗ്ലാസ്, ഭക്ഷണം കഴിച്ച പാത്രങ്ങൾ, ഒഴിഞ്ഞ കുപ്പികൾ എന്നിവ ജനാല വഴി പുറത്തേക്ക് വലിച്ചെറിയുന്നതായി പരാതിയുണ്ട്. ഹോട്ടലിന്റെ പുറകുവശം ജനവാസ കേന്ദ്രമാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ രോഗവ്യാപനം കൂടുമെന്ന ഭീതിയിലാണ് നാട്ടുകാർ.