തണ്ണിത്തോട് : കടുവയും പുലിയും ആനകളും കാടിറങ്ങുന്നത് മലയോര ഗ്രാമങ്ങളെ ഭീതിയിലാക്കുന്നു. തിങ്കളാഴ്ച പുലർച്ചെ 3ന് കൂത്താടിമൺ - മേടപ്പാറ വടക്കേക്കര റോഡരികിൽ തടത്തിൽ പ്രകാശിന്റെ റബ്ബർത്തോട്ടത്തിൽ വീണ്ടും കടുവയെ കണ്ടെത്തി. കാട്ടുപന്നിയുടെ അലർച്ചകേട്ട് നാട്ടുകൾ ടോർച്ചടിച്ച് നോക്കുമ്പോൾ കാട്ടുപന്നിയെ കടിച്ചു വലിക്കുന്ന കടുവയെയാണ് കാണുന്നത്.

ശനിയാഴ്ച രാത്രി 7 ന് കൊക്കാത്തോട് ഒരേക്കറിൽ ചെറിയമുല്ലയ്ക്കൽ പ്രകാശിന്റെ വീട്ടിലെ പശുവിനെ പുലി ആക്രമിച്ചെങ്കിലും വീട്ടുകാർ ബഹളം വച്ചതോടെ പശു രക്ഷപ്പെട്ടു. ഏറെ നേരം വീടിനു സമീപത്ത് നിലയുറപ്പിച്ച പുലി പിന്നീട് വനത്തിൽ മറയുകയായിരുന്നു. വനപാലകരെത്തി രാത്രിയിൽ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രാത്രിയിൽ തൊഴുത്തിന് സമീപം ആഴികൂട്ടി വീട്ടുകാർ കാവലിരുന്നു. തണ്ണിത്തോട് മേടപാറയിൽ ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊന്നതിന് ശേഷം മലയോര ഗ്രാമങ്ങളിലെ ജനങ്ങളാകെ ഭീതിയിയിലാണ്.

കൊന്നുതിന്നുന്ന മൃഗീയത

കൊക്കാത്തോട്ടിൽ രണ്ടു വർഷം മുൻപ് പൊന്നാമ്പൂ പറിക്കാനായി വനത്തിൽ കയറിയ കിടങ്ങിൽ രവിയെ കടുവ കൊന്നുതിന്നു.

തണ്ണിത്തോട് പഞ്ചായത്തിലെ തൂമ്പാക്കുളത്ത് വളർത്തു നായ്ക്കളെ പുലി ഭക്ഷണമാക്കുകയാണ്. വീട്ടിലെ തന്നെ 4 നായ്ക്കളെ വരെ പല പ്രാവിശ്യമായി പുലി കൊന്നിട്ടുണ്ട്.

പൂച്ചക്കുളം മേഖലയിൽ രാത്രിയും പകലും കാട്ടാന ശല്യമുണ്ട്. കാട്ടാന ശല്യം മൂലം പലരും വീട് ഉപേക്ഷിച്ചു പോയി.


2014 ജൂലായിൽ അതുമ്പുംകുളം ആവോലിക്കുഴിയിൽ ചാരു കുഴിയിൽ കമലമ്മയുടെ പുരയിടത്തിൽ കാട്ടുപന്നിയെ കുരുക്കാൻ വച്ചകെണിയിൽ പുലി വീണു. ഇതിനെ മയക്കു വെടിവച്ച് പിടികൂടി മണ്ണാറപ്പാറ ഉൾവനത്തിൽ വിട്ടു.

ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ നെടുമ്പാറയിൽ മുമ്പ് പുലിയിറങ്ങിയിരുന്നു. ഐരവൺ പി.എസ്.വി.പി ഹയർ സെക്കൻഡറി സ്‌കൂളിന്റെ പാചകപുരയിൽ കിടന്ന പുലിയെ പാചകക്കാരാണ് കണ്ടത്. വനപാലകർ വല ഉപയോഗിച്ച് പിടിച്ച് ആനത്താവളത്തിലെത്തിച്ചെങ്കിലും പുലി ചത്തുപോയി.

2012 ൽ പയ്യന്നാമൺ കുപ്പക്കര പെരിഞ്ഞൊട്ടയ്ക്കൽ ഭാഗത്ത് പുലിയെ കാണുകയും വനംവകുപ്പ് കാൽപ്പാടുകൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

2017ൽ ആവോലിക്കുഴി പതാലിൽ ത്യാഗരാജന്റെ പശുവിനെയും മഞ്ജുഷഭവനത്തിൽ സോമരാജന്റെ ആടിനെയും പുലി കൊന്നുതിന്നു.

വർഷങ്ങൾക്ക് മുൻപ് അമ്മയെയും കുഞ്ഞിനെയും കാട്ടാന കൊന്ന സ്ഥലമാണ് അതുമ്പുംകുളം ഞള്ളൂർ.

മേടപ്പാറയിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന ശേഷം കടുവയെത്തിയ വീടായ ഈട്ടിമൂട്ടിൽ റെജിമൊന്റെ ഒൻപത് ആടുകളെ നേരത്തെ പുലിപിടിച്ചിരുന്നു.

പുലിയെ കൊന്ന തൊഴിലാളി

അരുവാപ്പുലം ഗ്രാമപഞ്ചായത്തിലാണ് വർഷങ്ങൾക്ക് മുൻപ് ആദ്യമായി പുലിയിറങ്ങിയത് നെടുമ്പാറ ബീനാസദനത്തിൽ കുഞ്ഞു പണിക്കരുടെ റബ്ബർത്തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയെ പുലി ആക്രമിച്ചു. മൽ പിടുത്തനിടയിൽ ടാപ്പിംഗ് കത്തികൊണ്ട് കുത്തേറ്റ പുലി ഓടിപോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുരയിടത്തിലെ മറ്റൊരു കെട്ടിടത്തിൽ രക്തം വാർന്ന് ചത്ത നിലയിൽ പുലിയെ കണ്ടെത്തി. അന്ന് വനം വകുപ്പ് കുഞ്ഞു പണിക്കരുടെയും ടാപ്പിംഗ് തൊഴിലാളിയുടെയും പേരിൽ കേസെടുത്തു.

ഹാരിസൺ മലയാളം പ്ലാന്റെഷന്റെ കല്ലലിത്തോട്ടത്തിലെ കടയാർ ഡിവിഷനിൽ മൂന്ന് തവണ തൊഴിലാളികൾ കടുവയെ കണ്ടു.

സിന്ധു,

ഗ്രാമപഞ്ചായത്തംഗം

മേടപ്പാറയിൽ വീണ്ടും കടുവ

തണ്ണിത്തോട്: മേടപ്പാറ വടക്കേകരയിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. തിങ്കളാഴ്ച പുലർച്ചെ മേടപ്പാറ വടക്കേര തടത്തിൽ പ്രകാശ് മുറ്റത്തെ ലൈറ്റിട്ടശേഷം പുരയിടത്തിൽ ടോർച്ചടിച്ച് നോക്കിയപ്പോഴാണ് റബ്ബർത്തോട്ടത്തിലെ ഇടക്കാട്ടിൽ പന്നിയെ കടിച്ചു വലിക്കുന്ന കടുവയെ കാണുന്നത്. ടോർച്ചടിക്കുമ്പോൾ തിളങ്ങുന്ന കണ്ണുകളും പിന്നീട് പല പ്രാവിശ്യം തലയുയർത്തി നോക്കുന്ന കടുവയെയും വ്യക്തമായി കണ്ടതായി പ്രകാശ് പറഞ്ഞു. പ്രകാശിന്റെ അയൽവാസികളും കടുവയെ കണ്ടു.പുലർച്ചെ 4 മണിയോടു കൂടി പ്രകാശിന്റെ സഹോദരി അജിനിയുടെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ കടുവ മറഞ്ഞു. സംഭവമറിഞ്ഞ് വനപാലകരും പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയപ്പോൾ നേരം പുലർന്നിരുന്നു. തുടർന്ന് സായുധരായ വനപാലകരും നാട്ടുകാരും ചേർന്ന് രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. സ്ഥലത്ത് ഡ്രോൺ നിരീക്ഷണം നടത്തി. മരങ്ങളും അടിക്കാടുകളും നിറഞ്ഞ് നിൽക്കുന്ന പ്രദേശത്ത് ഡ്രോൺ നിരീക്ഷണം ഫലപ്രദമായി നടത്താനാവാതെ അവസാനിപ്പിച്ചു. പ്രദേശത്ത് കാമറകൾ സ്ഥാപിച്ചു.