ചെങ്ങന്നൂർ : നഗരസഭയിലെ മൂന്നാം വാർഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാർഡുകൾ എന്നിവ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ എം.സി റോഡ് ഒഴികെയുള്ള റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും.

അവശ്യ/ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ 8 മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേർ കടകളിൽ എത്താൻ പാടില്ല. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.

ഹോട്ട് സ്പോട്ടുകളിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണവും തദ്ദേശസ്വയം ഭരണ വകുപ്പിന്റേയും ആരോഗ്യവിഭാഗത്തിന്റേയും നിരീക്ഷണവും ശക്തമാക്കും.

പുറത്തുനിന്ന് അവശ്യ വസ്തുക്കൾ ആവശ്യമായി വരുന്നപക്ഷം പൊലീസ് / വാർഡ് ദ്രുത കർമ്മ സേന (ആർ.ആർ.റ്റി)യുടേയും സേവനം തേടാം. ഈ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

രോഗം കൂടുതൽ ആളുകളിലേയ്ക്ക് വ്യാപിക്കാതിരിക്കാൻ രോഗബാധ ഉണ്ടായിരുന്ന ആളുമായി സമ്പർക്കത്തിലേർപ്പെട്ടവർ / സ്ഥലങ്ങൾ എന്നിവയിലൂടെ രോഗവ്യാപനമുണ്ടാവുന്നത് തടയുന്നതിനായാണ് കൂടുതൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.

എം.അഞ്ജന,

ജില്ല കളക്ടർ

വേണം കടുത്ത ജാഗ്രത

കടുത്ത ജാഗ്രത പുലർത്തേണ്ട സമയമാണ് കടന്നു പോകുന്നത്.വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരികയും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സങ്കീർണമായ സാഹചര്യത്തിൽ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ നമുക്കാവശ്യമുണ്ട്.

പി.തിലോത്തമൻ,

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി