പത്തനംതിട്ട : മോറട്ടോറിയം കാലാവധി നീട്ടിയെങ്കിലും പണമിടപാട് സ്ഥാപനങ്ങളുടെ ഏജന്റുമാർ വായ്പയെടുത്തവരുടെ വീടുകൾ തോറും കയറിയിറങ്ങുകയാണ്. മൈക്രോഫിനാൻസ് വായ്പകൾ എടുത്തവരെയാണ് ബുദ്ധിമുട്ടിക്കുന്നത്. തൊഴിലുറപ്പുകാരും സാധാരണക്കാരുമാണ് ഇടപാടുകാരിൽ ഭൂരിഭാഗവും. ലോക്ക് ഡൗണിൽ പണിയില്ലാതെ വീട്ടിൽ ഇരുന്നവരോട് വായ്പ അടച്ചു തീർക്കാൻ ആവശ്യപ്പെടുന്നു. സ്ത്രീകളടക്കം പലരുടെയും ജോലിവരെ നഷ്ടമായ സാഹചര്യത്തിൽ വായ്പയുടെ ഗഡുക്കൾ അടച്ചു തീർക്കാൻ നിർബന്ധിക്കുന്നത് സംഘർഷത്തിനും കാരണമാകുന്നുണ്ട്.

കോളനികളും സാധാരണക്കാർ കുടുതലുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ വായ്പ വിതരണം

-------------

മൈക്രോഫിനാൻസ് വായ്പ

അഞ്ചോ,പത്തോ പേരടങ്ങുന്ന സ്ത്രീകളുടെ ചെറുസംഘങ്ങൾക്കാണ് വായ്പ അനുവദിക്കുന്നത്. അയ്യായിരം രൂപ മുതൽ ലക്ഷങ്ങൾ വരെ നൽകും. ആഴ്ചയിലോ മാസത്തിലോ തുടർച്ചയായി തവണ അടയ്ക്കണം. മുടക്കം വരുന്നവർക്ക് പിന്നീടൊരിക്കലും വായ്പയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മുടക്കം വരാതെ അടയ്ക്കുകയാണ് പലരും. മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ തവണ അടയ്ക്കേണ്ടെന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു ഇടപാടുകാർ. ഇനിയും വായ്പ ലഭിച്ചില്ലെങ്കിലോ എന്ന് ഭയന്ന് പലരും പരാതി നൽകാനും മടിക്കുകയാണ്.

--------

പണിയില്ലെങ്കിലും പലിശ നൽകണം

മൂന്നാംഘട്ട ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കളക്ഷൻ ഏജന്റുമാർ പണം പിരിക്കാനെത്തി. മലയോര പ്രദേശമായ ജില്ലയിൽ പ്രധാന പാതകളിൽ മാത്രമാണ് പൊതുഗതാഗത സൗകര്യമുള്ളത്. എല്ലാ റോഡുകളും സജീവമായെങ്കിൽ മാത്രമേ ഗ്രാമപ്രദേശങ്ങളിൽ നിന്ന് ജോലിക്ക് പോകാൻ സാധിക്കു. തൊഴിലുറപ്പ് ജോലിയെ ആശ്രയിച്ച് ജീവിക്കുന്നവരും ഇതിലുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളിൽ ചില പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ ജോലിയുള്ളത്. അവർക്കും കൂലി ലഭിക്കുന്നില്ല.

-------------

ലോക്ക് ഡൗണില്ലാതെ ബ്ലേഡ് മാഫിയ

പത്തനംതിട്ട : ലോക്ക് ഡൗണിൽപ്പെട്ട ജീവിതങ്ങൾക്ക് ബ്ലേഡ് മാഫിയായുടെ ഭീഷണിയുമുണ്ട്. നൂറ് രൂപയ്ക്ക് എട്ടും പത്തും രൂപ പലിശ ഈടാക്കി സാധാരണക്കാരനെ പിഴിയുന്ന സംഘമാണ് ജില്ലയിൽ പലയിടത്തുമുള്ളത്. കൃത്യമായി തവണ അടച്ചില്ലെങ്കിൽ വട്ടിപ്പലിശക്കാർ ഭീഷണിപ്പെടുത്തും. സാധാരണക്കാരായ നിരവധിപ്പേർ ഈ ലോക്ക് ഡൗണിലും ഇവരുടെ ഭീഷണിയിലാണ്.

മോറട്ടോറിയത്തെ കുറിച്ചുള്ള അജ്ഞത മുതലെടുത്ത് ഇടപാടുകാരെ ഫിനാൻസ് സ്ഥാപനങ്ങൾ പറ്റിക്കുകയാണ്. കുടിശിക പിരിക്കാനായി ബാങ്ക് ഏർപ്പെടുത്തുന്ന സ്ഥാപനങ്ങളുടെ ഏജന്റുമാരുടെ ഭീഷണിയുമുണ്ട്.

മിനി വറുഗീസ്

കുമ്പനാട്