കൊടുമൺ: കെടുകാര്യസ്ഥതയും അശ്രദ്ധയും കൊണ്ട് തകർന്ന് തരിപ്പണമായിപ്പോയ കൃഷിഫാമാണ് പ്ലാന്റേഷൻ കോർപ്പറേഷന്റെ കൊടുമൺ ചന്ദനപ്പള്ളി എസ്റ്റേറ്റിലെ കൃഷിത്തോട്ടം. കൃഷിക്ക് സർക്കാരിന്റെ സബ്സിഡിയും വാങ്ങി. മീൻ വളർത്തൽ, എല്ലാത്തരം പച്ചക്കറികളും പഴവർഗങ്ങളും ഇവിടെ സമൃദ്ധമായി കൃഷി ചെയ്തിരുന്നു. വാഴ,മരച്ചീനി,ചേന,കാച്ചിൽ തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നു.ജില്ലയ്ക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും ഇവിടെ ഉല്പാദിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ രണ്ട് വർഷമായി കൃഷി മന്ദഗതിയിലാണ്.നഷ്ടത്തിലായതുകൊണ്ടാണ് കൃഷി മുന്നോട്ട് പോകാൻ സാധിക്കാത്തത് തൊഴിലാളികൾ പറയുന്നത്.പ്ലാന്റേഷൻ കോർപ്പറേഷൻത്തൊഴിലാളികളായിരുന്നു കൃഷി ചെയ്യിച്ചിരുന്നത്.പച്ചക്കറി കൃഷിക്കു പുറമേ കോഴി,താറാവ് എന്നിവയേയും വളർത്തിയിരുന്നു.മുട്ട ഉല്പാദനവും നല്ല നിലയിൽ നടന്നിരുന്നു.ചന്ദനപ്പള്ളി എസ്റ്റേറ്റിൽ 7-ാം ബ്ലോക്കിൽ റബർ വയ്ക്കാൻ കഴിയാത്തതും,ജലസേചന സൗകര്യം ഉള്ളതും,പച്ചക്കറി കൃഷിക്ക് അനുയോജ്യവുമായ സ്ഥലത്തായിരുന്നു കൃഷിത്തോട്ടം. തൊഴിലാളികളും ഇവിടെനിന്നാണ് പച്ചക്കറി വാങ്ങിയിരുന്നത്.
ആവശ്യക്കാരും ഏറെ......
വിഷമടിക്കാത്ത പച്ചക്കറിയായതുകൊണ്ട് ആവശ്യക്കാരേറെയായിരുന്നു.റബർ ടാപ്പിംഗ് കുറയുകയും,റബറിന്റെ വിലയിടിവും കാരണം ഏതുസമയത്തും ലോക്ക് ഡൗൺ ആകാവുന്ന സ്ഥിതിയിലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ.കൃഷിക്ക് അനുയോജ്യമായതും,റബർ മരങ്ങൾ ഇല്ലാത്തതുമായ ഒട്ടേറെ സ്ഥലങ്ങൾ എസ്‌റ്റേറ്റ് ഏരിയായിയിൽ പാഴായിക്കിടപ്പുണ്ട്. ആത്മാർത്ഥതയുണ്ടെങ്കിൽ തരിശുഭൂമി കൃഷി ചെയ്ത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റാനും,കർഷകരുടെ പത്തായം നിറയ്ക്കാനും കഴിയുമെന്ന് കൊടുമൺ ഫാർമേഴ്സ് സൊസൈറ്റി കാണിച്ചുകൊടുത്തിരുന്നു.കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ നേരിട്ടെത്തി ഇതിന്റെ പ്രവർത്തകരെ പലവട്ടം അഭിനന്ദിക്കുകയും ചെയ്തിട്ടുള്ളതാണ്.
നല്ലനിലയിൽ നടന്നുവന്നതും ആദായകരവുമായിരുന്ന പച്ചക്കറി കൃഷി എങ്ങനെ നിലച്ചുപോയി എന്ന് കൃഷിവകുപ്പ് മന്ത്രി അന്വേഷിക്കേണ്ടതാണ്.
അങ്ങാടിക്കൽ വിജയകുമാർ
(ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി,
പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ)