പത്തനംതിട്ട : കൊമ്പൻ, കൊലുമ്പൻ, നാട്ടുരാജാവ് ... എന്നീങ്ങനെ നാട്ടിലെ പ്രമാണിമാരായി വിലസിയിരുന്ന ടൂറിസ്റ്റു ബസുകൾ എല്ലാം ഇപ്പോൾ ഗതികേടിന്റെ റിവേഴ്സ് ഗിയറിലാണ്. പരീക്ഷക്കാലം കഴിഞ്ഞാലുടനുള്ള വിനോദ, തീർത്ഥാടന യാത്രകളുടെ കാലം കൊവിഡിന് അടിയറവ് പറഞ്ഞത് ഇൗ മേഖലയ്ക്ക് ഭീമമായ നഷ്ടമായി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പ്രളയത്തിൽ ഉണ്ടായ നഷ്ടങ്ങളിൽ നിന്ന് കരകയറും മുമ്പാണ് കൊവിഡ് തിരിച്ചടിയായത്. മൂന്നൂറിലധികം ടൂറിസ്റ്റ് ബസുകൾ ജില്ലയിലുണ്ട്. വാഹനങ്ങളുടെ ടയറുകൾ അടക്കം നശിച്ചു പോകുകയാണ്. 24000 രൂപയാണ് ഒരു ടയറിന്. ടൂറിസ്റ്റ് ബസുകൾ എയർബസുകളായതിനാൽ തുടർച്ചയായി നിറുത്തിയിട്ടാൽ കേടുപാടുകൾ സംഭവിക്കും. ടൂറിസ്റ്റ് ബസുകൾ നിരത്തിലിറങ്ങിയിട്ട് മൂന്ന് മാസമാകുന്നു. മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്തിരുന്ന വിവാഹ ട്രിപ്പുകൾ എല്ലാം മുടങ്ങി. ഭാരിച്ച ടാക്സുകളും ഇൗ മേഖലയ്ക്ക് ഏറെ ബാദ്ധ്യതയാണ്.

ടൂറിസ്റ്റ് ബസ്

നിരക്ക് : 50 കിലോമീറ്റർ യാത്രയ്ക്ക് 6000 രൂപ

റോഡ് ടാക്സ് 40000 രൂപ (മൂന്ന് മാസം കൂടുമ്പോൾ)

ഇൻഷുറൻസ് 90000 രൂപ

ജില്ലയിലെ ജീവനക്കാർ : 620

ജില്ലയിലെ എല്ലാ ടൂറിസ്റ്റ് ബസുകളും ജി. ഫോം നൽകിയിരിക്കുകയാണ്. ഇതുവരെ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും ടൂറിസ്റ്റ് ബസ് ഉടമകൾക്ക് ലഭിച്ചിട്ടില്ല. ടാക്സിൽ ഇളവുകൾ അനുവദിക്കണം. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉടമകൾ ഇപ്പോൾ നേരിടുന്നത്.

അഖിൽ അഴൂർ

(ബസ് ഉടമ)

ജി ഫോം

സർവീസ് താത്കാലികമായി നിറുത്തിവയ്ക്കാനുള്ള ധാരണാപത്രം.