മാലിന്യം തള്ളുന്നവരുടെ ദൃശ്യങ്ങൾ കാമറയിൽ
തിരുവല്ല: ലോക്ക് ഡൗൺ ഇളവുകൾ നൽകിയതോടെ നഗരത്തിലെ വൃത്തിയായി കിടന്ന നിരത്തുകളിൽ വീണ്ടും മാലിന്യം തള്ളൽ തുടങ്ങി. നഗരസഭാ പ്രദേശത്തെ രാമഞ്ചിറ മെഡിക്കൽ മിഷൻ,റെയിൽവേ സ്റ്റേഷൻ,ചെയർമാൻസ് റോഡ് എന്നിവിടങ്ങളിലാണ് ഇടവേളയ്ക്കുശേഷം മാലിന്യം തള്ളുന്നത്. കഴിഞ്ഞദിവസം രാമഞ്ചിറ മെഡിക്കൽ മിഷൻ റോഡിലൂടെ നടക്കാനിറങ്ങിയവർ പ്ലാസ്റ്റിക് കൂടിലാക്കിയ മാലിന്യം വഴിയോരത്ത് തള്ളുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്.നടക്കാനിറങ്ങിയ മൂന്നുപേർക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ,കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കൂടിലെ മാലിന്യം റോഡരുകിൽ ഇട്ടശേഷം നടന്നുപോകുന്നത് ദൃശ്യങ്ങളിലുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.നഗരസഭയും പൊലീസും ചേർന്ന് നിരീക്ഷിക്കുന്ന കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലെ ആളുകളെ കണ്ടെത്താൻ നടപടി തുടങ്ങി.അടുത്തകാലത്ത് ടാറിംഗ്ചെയ്തു സുന്ദരമാക്കിയതാണ് രാമഞ്ചിറ മെഡിക്കൽ മിഷൻ റോഡ്.സമീപത്തെ റെയിൽവേ സ്റ്റേഷൻ റോഡിലെ പുളിഞ്ചുവട്ടിൽ കഴിഞ്ഞദിവസം കക്കൂസ് മാലിന്യം തള്ളിയിരുന്നു.ആൾത്താമസം കുറവുള്ള ഇവിടെ മുമ്പും വ്യാപകമായി മത്സ്യമാംസ അവശിഷ്ടങ്ങൾ തള്ളുന്നത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.കാമറയില്ലാത്ത സ്ഥലങ്ങൾ നിരീക്ഷിച്ച് മനസിലാക്കിയാണ് ചിലർ നഗരപ്രദേശത്ത് മാലിന്യങ്ങൾ തള്ളുന്നത്.ഇടക്കാലത്ത് കുറഞ്ഞെങ്കിലും ചെയർമാൻസ് റോഡിന്റെ ചിലഭാഗങ്ങളിലും ഇപ്പോൾ മാലിന്യങ്ങൾ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കുടുംബശ്രീക്കും രക്ഷയില്ല
നഗരസഭയിൽ ആഴ്ചതോറും വീടുകൾ സന്ദർശിച്ചു കുടുംബശ്രീ പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാറുണ്ട്. ഇതെല്ലാം റീസൈക്കിൾ ചെയ്യാനായി വേർതിരിച്ചു ചില സ്ഥലങ്ങളിൽ ഇവർ സൂക്ഷിച്ചുവയ്ക്കുകയും അതെല്ലാം പിന്നീട് കുറ്റൂരിലെ റീസൈക്കിളിംഗ് സ്ഥാപനം ശേഖരിച്ചു കൊണ്ടുപോകുകയാണ് പതിവ്.എന്നാൽ അടുത്തിടെയായി കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ചു വയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം വീടുകളിലെ മറ്റു മാലിന്യങ്ങൾ രാത്രികാലങ്ങളിലെത്തി തള്ളുന്നതും പതിവായിരിക്കുകയാണ്. ഇത് പിന്നീട് വേർതിരിച്ചു മാറ്റുന്നതും കുടുംബശ്രീ പ്രവർത്തകർക്ക് പണിയായിരിക്കുകയാണ്.
നഗരത്തിലെ പൊതുനിരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണം
മാത്യൂസ് ചാലക്കുഴി
(പൊതുപ്രവർത്തകൻ)
-മാലിന്യം തളളുന്നത് കാമറയില്ലാത്ത സ്ഥലം നോക്കി
-കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലെ ആളുകളെ കണ്ടെത്താൻ നടപടി