jayadevan
ജയദേവൻ

തണ്ണിത്തോട്: 'മലമുകളിലുദിക്കുന്ന തേജസേ
തലമുറയ്ക്കായി ചിരിക്കുന്ന പുണ്യമേ
അലമുറിച്ചും സകലമാനത്തിനും
നലമുറപ്പിച്ചു നിൽക്കണേ നിത്യവും'.

തണ്ണിത്തോട് കൊച്ചുനെടുമ്പുറത്ത് ജയദേവൻ സൂര്യനെക്കുറിച്ചെഴുതിയ ആയിരത്തിലധികം കവിതകളിലൊന്നാണിത്.

എല്ലാ ദിവസവും പുലർച്ചെ നാലിനുണർന്ന് സൂര്യനെ ധ്യാനിക്കുന്ന ജയദേവൻ ഒാരോ ധ്യാനവും ഒരോ കവിതായാക്കും. വൃത്തംപാലിച്ച് എഴുതുന്ന കവിതകൾ നാല് മുതൽ പത്തും മുപ്പതും വരികളായി നീളും. ഫേസ് ബുക്കിലൂടെ അവതരിപ്പിക്കുന്ന ഇൗ കവിതകൾക്ക് വായനക്കാരും ധാരാളം. 30 മണിക്കൂറിലധികം തുടർച്ചയായി ചൊല്ലാനുള്ള സൂര്യ കവിതകൾ തന്റെ പക്കലുണ്ടെന്ന് ജയദേവൻ പറയുന്നു.
ഇത് ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റിക്കാർഡിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്.
സി.പി.എം തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ജയദേവൻ 2008 ൽ ജോലിക്കായി ദുബായിലെത്തിയെങ്കിലും പറഞ്ഞ ജോലിയല്ല അവിടെ ലഭിച്ചത്. അന്ന് ജയദേവനെ അറബിക്കഥ സിനിമയിലെ ക്യൂബ മുകുന്ദൻ എന്ന കഥാപാത്രത്തോടാണ് സുഹൃത്തുക്കൾ ഉപമിച്ചത്. അറബിക്കഥയുടെ തിരക്കഥാകൃത്ത് ഡോ.ഇക്ബാൽ കുറ്റിപ്പുറത്തിനെ അവിടെവച്ച് കണ്ടു. അയ്യപ്പഭക്തിഗാനങ്ങളെഴുമായിരുന്ന ജയദേവനെ കവിതയിലേക്ക് ആകർഷിച്ചത് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയാണ്.
2010 ൽ ഗൾഫിൽ നിന്ന് തിരികെ നാട്ടിലെത്തി വെള്ളക്കുതിര, കാക്കരത്തോട്ടിലെ മുള്ളില്ലാ മീനുകൾ എന്നീ സിനിമകൾക്കായി ഗാനരചന നടത്തി.
കാക്കരത്തോട്ടിലെ മുളളില്ലാ മീനുകൾ എന്ന സിനിമയിൽ രാഷ്ട്രീയക്കാരനായി ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.
ഗ്രന്ഥശാല പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ജയദേവൻ ചെങ്ങന്നൂരിൽ സ്വന്തമായി കാർപ്പന്ററി വർക്കുകൾ ഏറ്റെടുത്ത് ചെയ്യുകയാണിപ്പോൾ.