24-poochakulam
പൂച്ചക്കുളംവെള്ളച്ചാട്ടം

തണ്ണിത്തോട്: തുടർച്ചയായി മഴപെയ്തതോടെ പൂച്ചക്കുളം വെള്ളച്ചാട്ടം കൂടുതൽ മനോഹരിയായി. കാടിന്റെ വന്യതയിലുടെ ഒഴുകിയെത്തുന്ന അരുവിയിലെ വെള്ളം പാറക്കൂട്ടങ്ങളിൽ തട്ടി താഴേക്ക് പതിക്കുന്ന കാഴ്ച മനോഹരമാണ് കോന്നി -തണ്ണിത്തോട് -കരുമാൻതോട് വഴി പൂച്ചക്കുളം വെള്ളച്ചാട്ടത്തിന് സമീപത്തെത്താം. കരുമാൻ തോട്ടിൽ നിന്ന് രണ്ടരകിലോമീറ്റർ ദൂരമുണ്ട് വെള്ളച്ചാട്ടത്തിലേക്ക് . ദുരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകളെത്തുന്നുണ്ട്. 15 മീറ്റർ ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടം പുച്ചക്കുളം പാലത്തിൽ നിന്ന് നോക്കുമ്പോൾത്തന്നെ വ്യക്തമായി കാണാം. വെള്ളച്ചാട്ടത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന ഈറ്റ പ്പടർപ്പുകൾ വകഞ്ഞുമാറ്റി വേണം ഇവിടെയെത്താൻ. ടൂറിസത്തിന് ഏറെ സാദ്ധ്യതകളുള്ള ഇവിടം പ്രയോജനപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലന്ന് നാട്ടുകാർ പറയുന്നു. വനാന്തര ക്ഷേത്രമായ ആലുവാങ്കുടിയിലേക്കള്ള വഴിയരികിലാണ് വെള്ളച്ചാട്ടം. ക്ഷേത്രവും ആളുകളെ ആകർഷിക്കുന്നുണ്ട്. ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ അപേക്ഷ സമർപ്പിച്ചിരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി പറഞ്ഞു.