മൈലപ്രാ: കൊവിഡ് 19 മൂലം ദുരിതത്തിലാകുകയും വായ്പകൾ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന അംഗങ്ങൾക്ക് മൈലപ്രാ സർവീസ് സഹകരണ ബാങ്ക് വായ്പാ പദ്ധതികൾ പലിശ ഇളവുകളോടെ പ്രഖ്യാപിച്ചു. ജൂൺ 1 മുതൽ കൃത്യമായി വായ്പ തിരികെ അടയ്ക്കുന്ന അംഗങ്ങൾക്ക് (പദ്ധതി വായ്പകൾ ഒഴികെ) പലിശ നിരക്കിൽ 1ശതമാനം ഇളവ് നൽകും.ലോക്ക്ഡൗണിന് മുമ്പ് വരെ കുടിശികയില്ലാതെ വായ്പ തിരിച്ചടച്ച അംഗങ്ങൾക്ക് വായ്പയിൽ വർദ്ധനവ് ആവശ്യമെങ്കിൽ അവർ എടുത്തിരുന്ന വായ്പയുടെ 10 ശതമാനം വായ്പ ഉടൻ അനുവദിക്കും. മടങ്ങിവരുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ ആരംഭിക്കാൻ സംരംഭത്തിന്റെ 75 ശതമാനം പരമാവധി 10 ലക്ഷംരൂപ ഒൻപത് ശതമാനം പലിശ നിരക്കിൽ സംരംഭകത്വ വായ്പകൾഅനുവദിക്കും.കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കും 6.8 ശതമാനം പലിശനിരക്ക് ഈടാക്കി നബാർഡിന്റെ സഹായത്തോടെ സുഭിക്ഷകേരളം പദ്ധതി പ്രകാരം 2 ലക്ഷം രൂപവരെ നൽകും. ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ തരിശുരഹിതഗ്രാമം പദ്ധതി നടപ്പിലാക്കാൻ മൂന്ന് ലക്ഷം രൂപവരെ ഏഴ് ശതമാനം പലിശനിരക്കിൽ നൽകും. കുടുംബശ്രീ അംഗങ്ങൾക്ക് 20000 രൂപ വരെ പലിശ രഹിത വായ്പയും സ്വയംതൊഴിൽ സംരംഭത്തിന് കുടുംബശ്രീ സ്വയം സഹായസംഘങ്ങൾക്ക് 10 ലക്ഷം രൂപ വരെ 9 ശതമാനം പലിശനിരക്കിലും വായ്പ നൽകും.ബാങ്ക് അംഗങ്ങളിൽ മുൻഗണനാവിഭാഗത്തിൽ പെട്ടവർക്ക് 10000 രൂപ ആറ്മാസ കാലാവധിക്ക് പലിശരഹിത വായ്പയും നൽകും.

പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.പദ്ധതിയുടെ വിതരണോദ്ഘാടനം ഇന്ന് രാവിലെ 11.30ന് ആന്റോ ആന്റണി എം.പി നിർവഹിക്കും.