അടൂർ : പാമ്പുകടിയേറ്റ് ഉത്ര മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സൂരജിനെ തെളിവെടുപ്പിനായി പറക്കോട്ടെ വീട്ടിൽ കൊണ്ടുവരുന്നത് കാണാൻ തടിച്ചുകൂടിയത് നൂറുകണക്കിന് ആളുകൾ . ഇന്നലെ രാവിലെ 9 മണിയോടെ തെളിവെടുപ്പിന് പറക്കോട്ടെ വീട്ടിൽ എത്തിക്കുമെന്ന് ടി.വി ചാനലുകളിൽ വാർത്ത വന്നതോടെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകളെത്തി. പത്ത് മണിയായപ്പോഴേക്കും പരിസരമാകെ ജനനിബിഢമായി. സർക്കിൾ ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. തൊട്ടുപിന്നാലെ ഡി. വൈ. എസ്. പി ജവഹർ ജനാർഡും എത്തി.

സൂരജുമായി വരുമ്പോൾ അവിടെ തിരക്കുണ്ടാകുമോ എന്ന് അന്വേഷണ സംഘം അടൂർ പൊലീസിനോട് ആരാഞ്ഞിരുന്നു. തിരക്കുണ്ടായാൽ ഫലപ്രദമായ നിയന്ത്രണത്തിന് വിനിതാ പൊലീസ് ഉൾപ്പെടെയാണ് അന്വേഷണ സംഘം മൂന്ന് വാഹനങ്ങളിലായി എത്തിയത്. വഴിയോരങ്ങളിൽ കാഴ്ചക്കാർ നിറഞ്ഞതോടെ ഡിവൈ. എസ്. പി യുടെ നിർദ്ദേശ പ്രകാരം ആളുകളെ സമീപത്തുള്ള വീടുകളുടെ മുറ്റത്ത് കയറ്റി ഗേറ്റ് അടച്ച് നിയന്ത്രിച്ചുനിറുത്തി.പതിനൊന്ന് മണിയോടെ സൂരജിനെയും പാമ്പുപിടിത്തക്കാരൻ സുരേഷിനെയും കയറ്റിയ പൊലീസ് വാഹനം സൂരജിന്റെ വീട്ടുമുറ്റത്തേക്ക് കയറ്റിയതോടെ ആളുകളുടെ തിക്കിത്തിരക്കായി. അവനെ ഇങ്ങോട്ട് ഇറക്കിവിട് എന്ന് ചിലർ ദേഷ്യത്തോടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒറ്റതിരഞ്ഞ ചില പ്രതിഷേധ ശബ്ദങ്ങളല്ലാതെ കാര്യമായ രോഷപ്രകടനങ്ങളില്ലാതിരുന്നത് പൊലീസിന് ആശ്വാസമായി. അടുക്കളഭാഗത്തുകൂടി വീടിന് പുറത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ വയൽഭാഗത്തുകൂടിയും മറ്റും ആളുകൾ വീട്ടുമുറ്റത്തേക്ക് കടന്നത് പൊലീസ് തടഞ്ഞു.