പത്തനംതിട്ട : ലോക്ക് ഡൗൺ കാലത്ത് വ്യാപാര സ്ഥാപനങ്ങളിൽ പൂഴ്ത്തി വയ്പ്പ്,അമിതവില, കരിഞ്ചന്ത എന്നിവയ്ക്കെതിരെ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. വിജിലൻസിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 900 വ്യാപാര സ്ഥാപനങ്ങളിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തി.വ്യാപാരികൾ നിത്യോപയോഗ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുകയും വൻതോതിൽ സാധനങ്ങൾ വാങ്ങി സംഭരിക്കുകയും ചെയ്തിരുന്നു.സ്ഥാപനങ്ങളിൽ വില വിവര പട്ടിക പ്രദർശിപ്പിച്ചിരുന്നില്ല.പട്ടിക ഉള്ള സ്ഥലങ്ങളിൽ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും കുപ്പിവെള്ളത്തിനും അധിക വിലയാണ് വ്യാപാരികൾ ഈടാക്കിയിരുന്നത്.
മാർച്ച് 26 മുതൽ ഈ മാസം 26വരെ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയ കടയുടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി ഹരി വിദ്യധരന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പൊലീസ് ഇൻസ്പെക്ടർമാരായ സി.എസ്.ഹരി,പി.എസ് രാജേഷ്,ഡി.രജീഷ് കുമാർ,എസ്.ഐമാരായ രാധാകൃഷ്ണപിള്ള,അജികുമാർ തുടങ്ങിയവർ പങ്കെടുത്തു.