പത്തനംതിട്ട: വിദേശ രാജ്യങ്ങളിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരികെ എത്തുന്ന പ്രവാസികളിൽ നിന്നു. ക്വാറന്റൈന് പണം ഈടാക്കുവാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യത്തിൽ ഗൾഫിൽ ഉൾപ്പെടെ വിദേശങ്ങളിൽ ജോലിയും വരുമാനവും ഇല്ലാതെ ദുരിതമനുഭവിച്ച് പ്രവാസി സംഘടനകളുടേയും മറ്റ് പലരുടേയും സഹായത്തോടെ വിമാന യാത്രാ ചാർജ്ജ് സംഘടിപ്പിച്ച് നാട്ടിൽ എത്തുന്ന പ്രവാസികളോട് ക്വാറന്റൈനു പോലും ഫീസ് ഈടാക്കുന്നത് കടുത്ത അനീതിയും മനുഷ്യാവകാശ ലംഘനവുമാണ് . വിദേശത്തുനിന്നും ജോലിയില്ലാതെ മടങ്ങി എത്തിയിട്ടുള്ളവർ എത്തിച്ചേരുവാൻ ഉള്ളവർ എന്നിവർക്ക് ജോലി, സാമ്പത്തിക സഹായം സംരഭകത്വ വായ്പ, പെൻഷൻ എന്നിവ നല്കി പുന:രധിവസിപ്പിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.