പത്തനംതിട്ട: മദ്യശാലകൾ തുറന്നെങ്കിലും പെട്ടുപോയത് പ്രായമായവരാണ്. ബെവ് ക്യു ആപ്പ് ഉപയോഗിക്കാനറിയാവുന്ന ചെറുപ്പക്കാർ മദ്യം വാങ്ങുന്ന കാര്യത്തിൽ മിടുക്കുകാട്ടുകയും ചെയ്തു. മദ്യവിതരണത്തിനായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അറിയാതെയാണ് പലരും എത്തിയത്. ബെവ് ക്യൂ അപ്പിനെക്കുറിച്ച് പലർക്കും ധാരണയില്ലായിരുന്നു. ഉറക്കമൊഴിഞ്ഞ് ബുധനാഴ്ച രാത്രിയിൽ കാത്തിരുന്ന് മൊബൈൽ ആപ്പ് ഉപയോഗിച്ച യുവാക്കൾക്കാണ് ഒ. ടി. പി നമ്പർ ലഭിച്ചത്. സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ധാരണയില്ലാതെയെത്തിയവരോട് സെക്യൂരിറ്റി ജീവനക്കാർ നിയന്ത്രണങ്ങളെക്കുറിച്ച് പറഞ്ഞെങ്കിലും പലർക്കും പിടികിട്ടിയില്ല. . ആപ്പ് ഡൗൺലോഡ് ചെയ്തവരിൽ പലർക്കും സമയത്ത് രജിസ്ട്രേഷൻ പൂർത്തിയാകുന്നില്ലെന്ന പരാതിയും ഉയരുന്നു.
ബാറിലും പ്രീമിയം കൗണ്ടറിലും ബീവറേജസ് ഷോപ്പിലുമെല്ലാം മദ്യം ലഭിക്കുമെന്നതിനാൽ പലർക്കും ബുദ്ധിമുട്ടുണ്ടായില്ല. ഇന്നലെ രാവിലെ 9ന് മദ്യഷോപ്പുകൾ തുറന്നപ്പോൾ തന്നെ മിക്കയിടത്തും തിരക്കായിരുന്നു. ടോക്കണും ഐ.ഡി. കാർഡും നോക്കി പത്തുപേരെ മാത്രമാണ് ക്യൂവിൽ നിൽക്കാൻ കടത്തിവിട്ടത്. തിരക്ക് നിയന്ത്രിക്കാൻ പോലീസും സ്ഥലത്തെത്തി. പരമാവധി ലഭിക്കുന്ന മൂന്നു ലിറ്റർ തന്നെ ഭൂരിഭാഗം പേരും സ്വന്തമാക്കി. ആറും ഏഴും കുപ്പി മദ്യം വാങ്ങി മടങ്ങിയവരോട് പുറത്തുനിന്ന ചിലർ ഒരു കുപ്പി തരാമോയെന്ന് ചോദിക്കുന്നുണ്ടായിരുന്നു. ബുക്കിങ്ങിന് തിരക്ക് കൂടിയതോടെ പലർക്കും അടുത്ത ദിവസങ്ങളിലെ സമയമാണ് ലഭിച്ചിട്ടുള്ളത്.
വീട്ടുകാർ അറിയാതെ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ബിവറേജസിന് മുന്നിലെത്തിയവരുമുണ്ടായിരുന്നു. മുതിർന്ന പലരും യുവാക്കളുടെ സഹായം തേടി. ഡൗൺലോഡ് ചെയ്ത് കൊടുത്തപ്പോൾ ഉപയോഗിക്കാനറിയാതെ വശംകെട്ടവർ നിരാശരായി മടങ്ങി.
-----------------
കർശന നിയന്ത്രണം
കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു വിൽപന. മാസക് നിർബന്ധമാണ്. ഒരേസമയം അഞ്ച് പേർക്ക് മാത്രമേ ക്യൂവിൽ നിൽക്കാൻ അനുവാദമുള്ളു. അതും സാമൂഹിക അകലം പാലിച്ച്.ബുക്ക് ചെയ്യാത്തവർ എത്തരുതെന്ന് നിർദേശം നൽകിയിരുന്നെങ്കിലും ചിലയിടങ്ങളിൽ തിരക്കുണ്ടായി. പൊലീസ് ഇവരെ മടക്കിയയച്ചു.
ബെവ്കോ ആപ്പിൽ ബുക്ക് ചെയ്തതിന് ശേഷം ക്യൂആർ കോഡ് സ്കാൻ ചെയ്താണ് വിതരണം. ഇന്നലെ സാങ്കേതിക തകരാറ് മൂലം ഒ.ടി.പി ഉപയോഗിച്ചു . ബുക്ക് ചെയ്തതിന് ശേഷം ഏത് ഔട്ട്ലറ്റിൽ എപ്പോൾ എത്തണമെന്ന സമയവും ക്യൂ പാലിക്കേണ്ട നമ്പറും ലഭിക്കും.
ഒരാൾക്ക് 3 ലിറ്റർ മദ്യം വരെ ലഭിക്കും.
---------------
ജില്ലയിൽ ഇന്നലെ മദ്യം വാങ്ങിയത് - 14000 പേർ.
ഇന്നലത്തെ വരുമാനം - 1,90,69,000
പ്രവർത്തിച്ചത്
ബിയർ ആൻഡ് വൈൻ പാർലറുകൾ- 7
ബിവറേജസ് ഔട്ട്ലറ്റുകൾ - 13
ബാറുകൾ - 16
-------------