പത്തനംതിട്ട : പരസ്പരം കെട്ടിപ്പിടിക്കാതെ, നിറങ്ങൾ വാരിവിതറാതെ ബഹളമോ ആരവങ്ങളോ ഇല്ലാതെ അവർ സ്കൂളിന്റെ പടിയിറങ്ങി. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞുള്ള മടക്കം. മുഖങ്ങളിൽ നിറഞ്ഞ വിഷമത്തെ മാസ്ക്ക് മറച്ചപ്പോൾ നിറഞ്ഞകണ്ണുകളോടെയാണ് പലരും അടുത്തുവരാതെ യാത്ര ചോദിച്ചത്. ഇനി പരീക്ഷാ ഫലം വന്നതിന് ശേഷം കാണാമെന്ന വാക്കുകളോടെയുള്ള തിരിച്ചു നടത്തം. വലിയ പ്രതിസന്ധിയിലാണ് ഈ വർഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി തീർത്തത്. പരീക്ഷ അവസാനിക്കുന്നതിനൊപ്പം സംഘം ചേർന്നുള്ള അവസാന വിടപറയലുകൾ ഒന്നും ഇക്കുറി നടന്നില്ല.
സാമൂഹ്യ അകലം പാലിച്ച് മാസ്ക് ധരിച്ച് കൈകൾ കഴുകി സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ച് ക്ലാസ് റൂമിലെത്തി പരീക്ഷയ്ക്ക് ശേഷം മടക്കം. അതായിരുന്നു ഇന്നലെ കണ്ടത്. രക്ഷകർത്താക്കളോടൊപ്പമായിരുന്നു കുട്ടികൾ സ്കൂളിലെത്തിയത്.
ജില്ലയിൽ 168 കേന്ദ്രങ്ങളിലായി 10490 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.