പത്തനംതിട്ട : ലോക്ക് ഡൗണിന്റെ വിരസത ഒഴിവാക്കാൻ റാന്നി കക്കുടുമൺ മൂഴിയ്ക്കൽ വീട്ടിൽ അനിൽ ചിത്രംവരയ്ക്കുകയാണ്. രവീന്ദ്രനാഥ ടാഗോർ, മൊണാലിസ, മുഖ്യമന്ത്രി പിണറായി വിജയൻ, രാജു ഏബ്രഹാം എം.എൽ.എ, കെ.എസ്. ചിത്ര, ജി. വേണുഗോപാൽ, നടൻമാരായ ജയൻ, വിനായകൻ എന്നിവരുടെ ചിത്രങ്ങളാണ് ഇതുവരെ ഒായിൽ പെയിന്റിൽ തെളിഞ്ഞത്. റാന്നി മാടമണ്ണിൽ സ്റ്റുഡിയോ നടത്തുന്ന അനിൽ ചെറുപ്പം മുതൽ ചിത്രങ്ങൾ വരച്ചിരുന്നു. ഫോട്ടോഗ്രഫിയിൽ ശ്രദ്ധിച്ചതോടെ വരയുടെ ലോകത്ത് നിന്ന് അകന്നു. ലോക്ക് ഡൗൺ ആയപ്പോൾ നിറയെ സമയം. ഭാര്യ രമ്യയും പ്രോത്സാഹിപ്പിച്ചു, അങ്ങനെയാണ് വീണ്ടും വരയ്ക്കാൻ തുടങ്ങിയത്.

ചിത്രരചനയോടൊപ്പം പാട്ടും മിമിക്രിയും ബോട്ടിൽ ആർട്ടും എല്ലാം അനിലിന്റെ കരങ്ങളിൽ ഭദ്രമാണ്. ശില്പങ്ങളും നിർമ്മിക്കുന്നുണ്ട്. ബോട്ടിലിൽ മുഖചിത്രങ്ങൾ വരച്ച് നൽകാറുണ്ട്. 250 രൂപ മുതൽ അഞ്ഞൂറ് രൂപ വരെ ബോട്ടിലിന് ലഭിക്കും. മക്കളായ അർജുനും അഭിജിത്തുമാണ് പിന്തുണ നൽകുന്നത്.