കോന്നി: മാഗോസ്റ്റിൻ കർഷകരെ സഹായിക്കാനായി കോന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'കോന്നി ക്വീൻ' പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ 1, 10, 17, 18 വാർഡുകളിൽ മാഗോസ്റ്റിൻ സമൃദ്ധമാണ്. ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കർഷകസമിതികൾ എന്നിവയുടെ നേതൃത്വത്തിൽ സൊസൈറ്റി രൂപീകരിച്ച് വിപണി കണ്ടെത്തി ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അച്ചൻകോവിലാറിന്റെ തീരത്തെ എക്കൽ നിറഞ്ഞ മണ്ണ് മാഗോസ്റ്റിൻ കൃഷിക്ക് അനുകൂലമായതാണ് കോന്നിക്ക് ഗുണമായത്.

കർഷകരിൽ നിന്ന് വാങ്ങുന്ന മാഗോസ്റ്റിൻ 10 കിലോഗ്രാമിന്റെ പായ്ക്കറ്റുകളിലാക്കി കയറ്റുമതി ഏജൻസികൾക്ക് നൽകുകയാണ് പതിവ്. ജൂൺ, ജൂലായ് മാസങ്ങളിൽ കച്ചവടക്കാർ കോന്നി മുതൽ കിഴവള്ളൂർ വരെയുള്ള റോഡരികിൽ സംഭരണകേന്ദ്രങ്ങൾ തുറക്കും.

വിരുന്നെത്തിയ മധുരം

സ്വാതന്ത്യലബ്ദ്ധിക്ക് മുൻപ് മലേഷ്യയിൽ ജോലിക്ക് പോയ കോന്നി, കോഴഞ്ചേരി , കുമ്പനാട് പ്രദേശങ്ങളിലുള്ളവരാണ് മലേഷ്യയിലും ഇന്തോനേഷ്യയിലും കണ്ടു വന്നിരുന്ന ഈ വിദേശ പഴത്തിന്റെ വിത്തുകൾ ആദ്യമായി നാട്ടിലെത്തിച്ചത്. 100 വർഷത്തിലെറെ പ്രായമുള്ള മാഗോസ്റ്റിൻമരങ്ങൾ കോന്നി താഴത്തും ചിറ്റൂർ ജംഗ്ഷനിലുമുണ്ട്

കൃഷിയുടെ വ്യാപനത്തിനാെപ്പം ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് വിപണനമേള സംഘടിപ്പിക്കും.

പ്രവീൺ പ്ലാവിളയിൽ

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

ജനകീയ ആസൂത്രണ പദ്ധതിയിലൂടെ മാഗോസ്റ്റിൻ ഗ്രാമം എന്ന പദ്ധതിയിൽ കർഷകർക്ക് കൃഷിഭവനിലുടെ മാഗോസ്റ്റിൻ തൈകൾ വിതരണം ചെയ്യുന്നു.

ജ്യോതിലക്ഷ്മി,

കൃഷി ഓഫീസർ

സമൃദ്ധിയുടെ പഴങ്ങൾ

ജീവകങ്ങൾ, ധാതുക്കൾ, അന്നജം എന്നിവയാൽ സമ്പുഷ്ടം.

മരംനട്ട് 10 വർഷം കഴിഞ്ഞ് വിളവെടുക്കാം, പൂവിട്ട് 90-ാം ദിവസം കായ്കൾ പാകമാകും. വിളവെടുപ്പ് കാലം ജനുവരി മുതൽ മാർച്ച് വരെയും ജൂലൈ മുതൽ ഒക്ടോബർ വരെയും. ഒരു മരത്തിന് 200 വർഷം വരെ ആയുസുണ്ട്. 20 വർഷം പ്രായമായ മരത്തിൽ നിന്ന് 25 കി ലോഗ്രാം പഴങ്ങൾ ലഭിക്കും.

മാഗോസ്റ്റിൻ ഗ്രാമം പദ്ധതി

കോന്നി ഗ്രാമപഞ്ചായത്ത് മാഗോസ്റ്റിൻ ഗ്രാമം പദ്ധതിയിലൂടെ തൈകൾ നൽകുന്നതിനായി അനുവദിച്ച തുകയും വർഷവും

2017 - 18 : 1,12,500

2018 - 19 : 1, 20,000

2019 - 20 : 1, 20,000

'കോന്നിക്വീൻ ' പദ്ധതിയുമായി ബന്ധപ്പെട്ട ആലോചനായോഗം

ജൂൺ 1ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേരും.